കെഎംസിടി ക്യാമ്പസിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് എസ്എഫ്ഐ – എംഎസ്എഫ് പ്രവർത്തകർ വിലക്ക് ഏർപ്പെടുത്തിയെന്ന് ബി ജെ പി

കെഎംസിടി ക്യാമ്പസിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് എസ്എഫ്ഐ – എംഎസ്എഫ് പ്രവർത്തകർ വിലക്ക് ഏർപ്പെടുത്തിയെന്ന് ബി ജെ പി

കുറ്റിപ്പുറം: എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന് കുറ്റിപ്പുറം കെഎംസിടി ലോ കോളേജിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി എസ്എഫ്ഐ എംഎസ്എഫ് പ്രവർത്തകർ. ബിജെപിക്കാരെ കോളേജിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു എസ് എഫ് ഐ – എം എസ് എഫ് ഭീഷണിയെന്ന് ബി ജെ പി ആരോപിച്ചു.

സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായാണ് കുറ്റിപ്പുറം ലോ കോളേജിൽ നിവേദിത എത്തിയത്. കോളേജ് അധികൃതരെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയ ശേഷമായിരുന്നു സ്ഥാനാർത്ഥി കോളേജ് ക്യാമ്പസിൽ എത്തിയത്. എന്നാൽ കോളേജിൽ എത്തിയപ്പോൾ സംഘടിച്ചെത്തിയ എസ് എഫ് ഐ – എം എസ് എഫ് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. അതേസമയം ഭീഷണി വകവെക്കാതെ സ്ഥാനാർത്ഥി മുന്നോട്ട് പോയപ്പപ്പോൾ ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ, കേട്ടാൽ അറക്കുന്ന അസഭ്യ വർഷങ്ങളാണ് എസ് എഫ് ഐ- എം എസ് എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബി ജെ പി ആരോപിച്ചു.

ഒരു അഭിഭാഷക കൂടിയായ തനിക്ക് , ഒരു ലോ കോളേജിൽ നിന്നും ഇത്തരത്തിൽ ഒരു ദുരനുഭവമാണ് ഉണ്ടായതെങ്കിൽ, അവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ഏത് രീതിയിലാണ് ഈ ജനാധിപത്യ സമൂഹത്തിൽ പെരുമാറുക എന്നത് ആശങ്കയ്‌ക്കിടയാക്കുന്നതാണെന്ന് നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു. പൊന്നാനിയിൽ ബിജെപിക്ക് ലഭിക്കുന്ന സ്വീകാര്യത മത മൗലികവാദികളെയും, സിപിഎമ്മിനെയും വിറളിപിടിപ്പിക്കുകയാണ്. എത്ര ഭീഷണിപ്പെടുത്തിയാലും, കൊലവിളി നടത്തിയാലും പൊന്നാനിയിലെ പോരാട്ടത്തിൽ ഒരു തരി പോലും പിന്നോട്ട് പോവില്ല. ഈ ഗുണ്ടായിസവും, വർഗീയതയും പൊന്നാനിയിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് . അന്തിമ വിജയം ബിജെപിക്കും എൻഡിഎ യക്കും ആയിരിക്കുമെന്ന് നിവേദിത പറഞ്ഞു.

മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, സംസ്ഥാന കമ്മറ്റി അംഗം കെ.കെ.സുരേന്ദ്രൻ, ജില്ലാ മീഡിയ കൺവീനർ മഠത്തിൽ രവി, കുറ്റിപ്പുറം മണ്ഡലം പ്രസിഡൻ്റ് കെ.ടി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്താൽ നോക്കി നിൽക്കില്ല.; കെ സുരേന്ദ്രൻ
കൽപ്പറ്റ: പൊന്നാനി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നടപടി അപലപിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വനിതകൾക്ക് കോൺഗ്രസ്സ് സീറ്റു കൊടുത്തില്ല എന്ന് മാത്രമല്ല മത്സരിക്കുന്ന വനിതകളെ ഭീഷണിപ്പെടുത്തുകയാണ് കോൺഗ്രസ്സും, ലീഗും, സി.പി.എമ്മും. ഇനിയും സ്ഥാനാർത്ഥികളെ അധിക്ഷേപിച്ചാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. നിവേദിതാ സുബ്രഹ്മണ്യൻ്റെ ശൈശവം ജയിലിൽ ആയിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ അമ്മയുടെ മകളാണ് നിവേദിത. അങ്ങിനെയുള്ള ആളുടെ അടുത്ത് ഇത്തരം ചപ്പടാച്ചി വിദ്യകൾ ഒന്നും വേണ്ട. മലപ്പുറത്ത് ഇത്രമേൽ മുസ്ലിം ലീഗ് ബി.ജെ.പിയെ ഭയക്കുന്നുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

Sharing is caring!