ചോദ്യ പേപ്പർ ചോർച്ചയിൽ നിർണായക അറസ്റ്റുമായി ക്രൈംബ്രാഞ്ച്; മലപ്പുറം സ്വദേശി പിടിയിൽ

ചോദ്യ പേപ്പർ ചോർച്ചയിൽ നിർണായക അറസ്റ്റുമായി ക്രൈംബ്രാഞ്ച്; മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: ചോ​ദ്യ പേപ്പർ ചോർച്ചയിലെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച്. മഅ്ദിൻ ഹയർസെക്കൻഡറി സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറാണ് കൊടുവള്ളി എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത്. രാമപുരം സ്വദേശിയായ ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ നാസറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ​സ്കൂൾ അധികൃതർ പറഞ്ഞു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സീൽഡ് കവറിന്റെ പിറക് വശം മുറിച്ചാണ് ചോദ്യ​​പേപ്പർ ചോർത്തിയത്. ഫോണിൽ ഫോട്ടോ എടുത്ത് എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകന് അയച്ചുകൊടുത്ത ശേഷം പഴയ പോലെ കവർ ഒട്ടിച്ചുവെച്ചു. പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്.എസ്.എൽ.സിയുടെ ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പർ ചോർത്തിയെന്ന് ഇയാൾ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്‌.പി വ്യക്തമാക്കി.

മഅ്ദിൻ സ്കൂളിൽ നേരത്തെ പ്രധാനാധ്യാപകനായിരുന്ന എം.എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദിനാണ് നാസർ ചോദ്യപേപ്പർ ചോർത്തി നൽകിയത്. കേസിൽ ഫഹദ് നേനരത്തെ അറസ്റ്റിലായിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യൂട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫഹദിനെയും എം.എസ് സൊല്യൂഷന്‍സിലെ മറ്റൊരു അധ്യാപകനായ കോഴിക്കോട് സ്വദേശി ജിഷ്ണുവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന് വ്യാജപ്രചരണം; യുവാവിനെതിരെ കേസ്

എം.എസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിനെ കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് എസ്‍പി മൊയ്തീന്‍കുട്ടി ചോദ്യം ചെയ്തിരുന്നു. തനിക്ക് ഇതിൽ പങ്കില്ലെന്നും അധ്യാപകരാണ് ചോദ്യപേപ്പർ തയാറാക്കുന്നത് എന്നുമായിരുന്നു ഇയാൾ മൊഴി നൽകിയത്. എന്നാൽ, ഷു​ഹൈബ് പറയുന്നതിനനുസരിച്ച് ചോദ്യപേപ്പർ തയാറാക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് അധ്യാപകർ മൊഴി നൽകിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ചോർച്ചയു​ടെ ഉറവിടം കണ്ടെത്തിയത്.

2017-ലാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അബ്‌ദുൽ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയൻസ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാൾ ഫഹദിന് അയച്ചുകൊടുത്തത്. ഫോണിൽ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോർത്തിയത് അബ്ദു നാസർ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും ക്രൈം ബ്രാഞ്ച് എസ്‌.പി മൊയ്തീന്‍കുട്ടി വ്യക്തമാക്കി.

Sharing is caring!