ഇരട്ടി ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കണം: പ്രിയങ്കഗാന്ധി

നിലമ്പൂര്‍: ഇരട്ടിശക്തിയോടെ തനിക്ക് പ്രവര്‍ത്തിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കണമെന്നും കേരളത്തിലെ ഭരണമാറ്റത്തിന്റെ തുടക്കം നിലമ്പൂരില്‍ നിന്നാകുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി എം.പി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വോട്ട് തേടി നടത്തിയ റോഡ് ഷോക്ക് ശേഷം മൂത്തേടത്ത് കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
പത്ത് വര്‍ഷം ജനങ്ങളര്‍പ്പിച്ച വിശ്വാസം നഷ്ടപ്പെടുത്തിയ സര്‍ക്കാരാണ് ഭരിക്കുന്നത്. വന്യമൃഗ ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിലമ്പൂരിലെ വലിയ പ്രശ്നം മനുഷ്യ- വന്യജീവി സംഘര്‍ഷമാണ്. മലയോരത്തെ ജനങ്ങളുടെ ജീവനും കൃഷിയും വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപ്പെടുകയാണ്.
നിങ്ങളുടെ തൊട്ടടുത്ത പ്രദേശമായ വണ്ടൂരില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ വീട് സന്ദര്‍ശിച്ച് ഭാര്യയെയും കുട്ടികളെയും കണ്ടാണ് ഞാന്‍ ഇവടെയെത്തിയത്. അടുത്തിടെ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഏഴാമത്തെ ആളുടെ വീട്ടിലാണ് ഞാന്‍ സന്ദര്‍ശനം നടത്തിയത്. അനധികൃത വൈദ്യുതി കെണിയില്‍ പെട്ട് അനന്തു എന്ന വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ടു. ആ കുടുംബത്തിന്റെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ഈ അപകടം നടക്കുന്നതിന് മുമ്പ് നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മലയോരത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. ആശാവര്‍ക്കര്‍മാര്‍ അവരുടെ ദുരിതം എന്നോട് നേരിട്ട് പറയുകയുണ്ടായി. കോവിഡ് കാലത്തടക്കം വലിയ സേവനം ചെയ്തവരാണ് ആശ വര്‍ക്കര്‍മാര്‍. നമുക്ക് വേണ്ടി 24 മണിക്കൂറും ജോലി ചെയ്യുന്നവരാണവര്‍. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന ന്യായമായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്. അവര്‍ വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ നല്‍കുക എന്നതും അവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാവണം. എന്നാല്‍ സര്‍ക്കാര്‍ അത് ചെവിക്കൊള്ളുന്നില്ല.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
ഞാന്‍ കഴിഞ്ഞ ഏഴു മാസമായി നിങ്ങളുടെ എം.പിയാണ്. നിങ്ങളര്‍പ്പിച്ച വിശ്വാസവും സ്നേഹവും ഞാന്‍ കാത്തു സൂക്ഷിക്കും. എനിക്ക് നിങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കണം. ഷൗക്കത്ത് എം.എല്‍.എയായാല്‍ നിങ്ങള്‍ക്കുവേണ്ടി ഇരട്ടി ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. ഏറെ ജനപ്രിയനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത്. നിങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളുമെല്ലാം അറിയുന്നയാളാണ്. ആര്യാടന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഷൗക്കത്തിന് കഴിയുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കാരപ്പുറം മസ്ജിദ് ജംങ്ഷന്‍ മുതല്‍ വില്ലേജ് ഓഫീസ് പരിസരം വരെ റോഡ് ഷോ നടത്തിയ ശേഷമാണ് പ്രിയങ്ക പ്രസംഗിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആയിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരന്നത്.
എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, പാണക്കാട് അബ്ബാസലി ശിഹബ് തങ്ങള്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.