തെയ്യാല- ദേവധാര്‍ ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തി ഉദ്ഘാടനം നടന്നു

തെയ്യാല- ദേവധാര്‍ ബൈപാസ് റോഡിന്റെ ആദ്യ ഘട്ട  പ്രവൃത്തി ഉദ്ഘാടനം നടന്നു

മലപ്പുറം: സംസ്ഥാനത്ത് തടസ്സമില്ലാത്ത റോഡ് ശൃംഖല നിര്‍മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. താനൂർ നിയോജക മണ്ഡലത്തിലെ തെയ്യാല- ദേവധാർ ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടണങ്ങളില്‍ ബൈപ്പാസ് നിര്‍മിക്കുന്നതിനും ജങ്ഷനുകളുടെ വികസനത്തിനും ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ജനസാന്ദ്രത കൂടിയ കേരളത്തില്‍ റോഡുകളുടെ വികസനം വെല്ലുവിളിയാണെങ്കിലും ജനങ്ങളെ കൂടെ നിര്‍ത്തി ഈ പ്രശ്നം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തെയ്യാല- ദേവധാര്‍ ബൈപ്പാസ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ് വികസനത്തിനായി ഭൂമി വിട്ടു നല്‍കിയവരെ ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു.

കാട്ടിലങ്ങാടി ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ റഷീദ് മോര്യ, നഗരസഭാ പൊതുമരാമത്ത് സ്ഥിരം അധ്യക്ഷ രാധിക ശശികുമാര്‍, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ.എം ബഷീര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ആരിഫ സലീം, സുചിത്ര സന്തോഷ്, റൂബി ഫൗസി, പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി.എച്ച് അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

താനൂർ നഗരസഭയിലെ പാലക്കുറ്റിയാഴി തോട് പാലം മുതൽ കാട്ടിലങ്ങാടി ക്ഷേത്രം വരെയുള്ള 1. 3 കി.മീറ്റര്‍ ആണ് ആദ്യഘട്ടത്തിൽ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്. ദേവധാർ റെയിൽ വേ ഓവർബ്രിഡ്ജ് മുതൽ പാലക്കുറ്റിയാഴി തോട് വരെയും, കാട്ടിലങ്ങാടി ക്ഷേത്രം മുതൽ തെയ്യാല റെയിൽവേ ഗേറ്റ് വരെയുള്ള രണ്ടാം ഘട്ട പ്രവൃത്തിക്കുള്ള സ്ഥലമേറ്റെടുപ്പിന് ഈ വര്‍ഷത്തെ ബജറ്റിൽ രണ്ടു കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഇപ്പോൾ നിർമ്മാണം ആരംഭിക്കുന്ന ഭാഗത്തെ റോഡിന്റെ ഇരുഭാഗത്തെയും ഭൂ ഉടമകൾ എട്ടു മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി വിട്ടു നൽകിയതിനാലാണ് പ്രവൃത്തി ആരംഭിക്കാൻ സാധിച്ചത്.

മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ ആഘോഷമാക്കാൻ ‘മ’ ഫെസ്റ്റിവലുമായി യൂത്ത് ലീ​ഗ്

മന്ത്രി വി. അബ്ദുറഹിമാന്റെ മണ്ഡലം ആസ്തി വികസന നിധിയിൽ നിന്നും ഫണ്ട് അനുവദിച്ച് നിർമ്മിച്ച കാട്ടിലങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിലിന്റെയും പ്രവേശന കവാടത്തിന്റെയും സമർപ്പണവും ചടങ്ങില്‍ വെച്ച് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

Sharing is caring!