മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ ആഘോഷമാക്കാൻ ‘മ’ ഫെസ്റ്റിവലുമായി യൂത്ത് ലീഗ്
മലപ്പുറം: മലപ്പുറത്തിന്റെ വൈവിധ്യങ്ങൾ ആഘോഷമാക്കാൻ “മ – ലൗ, ലെഗസി, ലിറ്ററേച്ചർ” എന്ന പേരിൽ കൾച്ചർ ആന്റ് ലിറ്ററേച്ചർ ഫെസ്റ്റിവലുമായി മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. 2025 ജനുവരി ആദ്യവാരം മലപ്പുറത്ത് സംഘടിപ്പിക്കുന്ന പരിപാടി മൂന്ന് ദിവസം നീണ്ട് നിൽക്കും. അറുപതോളം സെക്ഷനുകളിൽ ഇരുനൂറിലേറെ ഗസ്റ്റുകൾ പങ്കെടുക്കുവാനാണ് ആഗ്രഹിക്കുന്നത്.കാൽലക്ഷം പേർ ഇതിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തിന്റെ തനിമ, പൈതൃകം, ബഹുസ്വരത, പോരാട്ടം, കരുണ, മാതൃക എന്നിവ ലോകസമക്ഷം സമർപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വൈവിധ്യങ്ങളുടെ ചരിത്ര ദേശമായ മലപ്പുറത്തിന്റെ ഉള്ളടക്കം ഇവിടെ അനാവരണം ചെയ്യും. ആധുനിക കേരളത്തിന്റെ ബഹുമുഖ നിര്‍മിതിയിലും ഇന്ത്യയുടെ ദേശീയ രൂപീകരണ പ്രക്രിയയിലും ഈ നാട് വഹിച്ച പങ്ക്, പോര്‍ച്ചുഗീസ് കാലം തൊട്ട് തുടങ്ങുന്ന കോളനീവിരുദ്ധ സമരങ്ങള്‍ മുതല്‍ വര്‍ത്തമാന ഇന്ത്യയുടെ നിയമ നിര്‍മാണ മേഖലയില്‍ വരെ ഈ നാടിന്റെ നേതൃപരമായ കൈയ്യൊപ്പുകള്‍ എന്നിവ ചർച്ച ചെയ്യപ്പെടാനാണ് ഉദേശിക്കുന്നത്. ഇവിടത്തെ ജാതി-മത സമൂഹങ്ങളും ദളിത്-ഗോത്ര വിഭാഗങ്ങളും തീരദേശ-മലയോര പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതവും ചർച്ച ചെയ്യും.
മുന്‍ധാരണകളുടെയും അജണ്ടകളുടെയും അടിസ്ഥാനത്തില്‍, നിരന്തരം തലപൊക്കുന്ന സ്റ്റീരിയോടിപ്പിക്കല്‍ നിര്‍മിതികളുടെയും അപരവത്കരണത്തിന്റെയും പശ്ചാതലത്തില്‍, മലപ്പുറത്തിന് പുതിയൊരു മേല്‍വിലാസം നിര്‍മിക്കാനുള്ള ശ്രമങ്ങൾക്കെതിരായിട്ടുള്ള പോരാട്ടം കൂടിയാണിത്. ബ്രിട്ടീഷ് കാലത്തു തുടങ്ങിയ ഈ ‘മലപ്പുറം വേട്ട’ ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും തുടരുന്നു. മതേതര ചേര്‍ന്നു നില്‍പ്പിനെ പേടിക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ അത്തരം ആരോപണങ്ങളെ ഏറ്റുപിടിച്ച് പര്‍വ്വതീകരിക്കുകയാണ്. ഈ നാടിനെ നിര്‍മിച്ച എല്ലാ തരം ജനങ്ങളെയും അവരുടെ ജീവിതാനുഭവങ്ങളെയും സംഭാവനകളെയും അവഗണിക്കുവാനുള്ള നീക്കങ്ങൾക്കെതിരെ ഈ ഫെസ്റ്റിവെൽ പുതിയ പ്രതിരോധം തീർക്കും. ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക നിര്‍മിതിയില്‍ മലപ്പുറം വഹിച്ച പങ്ക് വിശദമായി ചർച്ചയാകുന്ന സെക്ഷനുകൾക്ക് മുൻഗണന നൽകും.
മലപ്പുറത്തിന്റെ വെവിധ്യമാര്‍ന്ന ചരിത്ര-സാഹിത്യ-സംസ്‌കാരിക പൈതൃകങ്ങളുടെ ബഹുസ്വര ആഘോഷമായി “മ” ലിറ്ററേച്ചര്‍ & കള്‍ച്ചറല്‍ ഫെസ്റ്റിവെൽ അടയാളപ്പെടുത്തും. ഇതിന് തുടർച്ചകളുണ്ടുകുന്ന വിധമാണ് പരിപാടിയുടെ സംഘാടനം. സാഹിത്യ, സാംസ്‌കാരിക, അക്കാദമിക മേഖലയില്‍ നിന്ന് വിവിധ ദേശീയ, അന്തര്‍ദേശീയ അതിഥികളാണ് പരിപാടിയിൽ സംബന്ധിക്കുക. മലപ്പുറത്തിന്റെ വൈവിധ്യമാര്‍ന്ന സാഹിത്യ-സാംസ്‌കാരിക-അക്കാദമിക ലോകത്തെ കുറിച്ചുള്ള തുറന്ന സംവാദങ്ങളുടെയും ദൃശ്യാവിഷ്‌കാരങ്ങളുടെയും വേറിട്ട വേദിയായിരിക്കും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി. സാഹിത്യ ചര്‍ച്ചകള്‍, കാലിക പ്രസക്തമായ രാഷ്ട്രീയ അവലോകനങ്ങള്‍, പ്രമുഖരുമായുള്ള സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, നാടുനീങ്ങുന്ന വിവിധ തരം കലകളുടെ പ്രദര്‍ശനങ്ങള്‍, എക്‌സിബിഷന്‍, ബുക്‌ഫെയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളും ഫെസ്റ്റിവെല്ലിന്റെ ഭാഗമായിരിക്കും. ഇതോടൊപ്പം, മലപ്പുറത്തിന്റെ ചരിത്രവും വർത്തമാനവും പുതിയ അക്കാദമിക വ്യവഹാരങ്ങളുടെ പിൻബലത്തിൽ വിപുലമായി അനേഷിക്കുന്ന സമ്പൂർണ്ണ ചരിത്രങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങൾ വിവിധ വോള്യങ്ങളായിട്ട് പ്രസിദ്ധീകരിക്കും. കേരളത്തിലെ പ്രമുഖ ചരിത്രകാരന്മാരുടെയും ഗവേഷകരുടെയും നേതൃത്വത്തിലാണ് ഇത് തയ്യാറാക്കുന്നത്. മുഖ്യധാരാ ചരിത്രം കാണാതെ പോയ മലപ്പുറത്തെ വിവിധ മത ജാതി വിഭാഗങ്ങളുടെയും അവരുടെ ജീവിതാനുഭവങ്ങളുടെയും സൂക്ഷ്മമായ അക്കാദമിക അടയാളപ്പെടുത്തലായിരിക്കും ഈ ഗ്രന്ഥങ്ങൾ.
ഇതിനുള്ള പ്രയത്നങ്ങൾക്ക് തുടക്കമായി കഴിഞ്ഞു.
ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല; പി കെ കുഞ്ഞാലിക്കുട്ടി
ജില്ലയിലെ പഞ്ചായത്ത്, മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പ്രാദേശിക ചരിത്ര പുസ്തകങ്ങളുടെ പ്രസാധമാണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി. ഒരോ ദേശത്തിന്റെയും കഥയായിരിക്കും ഇവ. ഇതിനായ് എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിലും എഡിറ്റോറിയൽ ബോർഡ് ഇതിനകം രൂപീകരിച്ച് കഴിഞ്ഞു. ഫെസ്റ്റിന്റെ പ്രമോഷന്റെ ഭാഗമായി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റ്‌സുകൾ നടക്കും. അതതു ദേശങ്ങളുടെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന രൂപത്തിലാണ് ഇത് സംഘടിപ്പിക്കുക.ഫെസ്റ്റിന്റെ പ്രധാന തീം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം അതതു ദേശങ്ങളുമായി ബന്ധപ്പെട്ട സവിശേഷ തീം ഹൈലൈറ്റ് ചെയ്തുകൊണ്ടായിരിക്കും ഇവ നടക്കുക. മറ്റു വിവിധ മത്സര പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടക്കും.
ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഭാഷാസമര സ്മാരകത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പദ്ധതിയുടെ വീഡിയോ ലോഞ്ചിങ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ബ്രോഷർ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് എം പി അബ്ദുസ്സമദ് സമദാനിയും നിർവ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, കെ പി രാമനുണ്ണി, മണമ്പൂർ രാജൻ ബാബു, മനോജ് എമ്പ്രാന്തിരി, ശമീർ ബിൻസി, ഡോ. ആബിദ ഫാറൂഖി, അൻവർ മുള്ളമ്പാറ, ടി പി അഷ്റഫലി, മുജീബ് കാടേരി,സലിം കുരുവമ്പലം,അഡ്വ: ആരിഫ്,അഹമ്മദ് സാജു, എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ആമുഖ പ്രഭാഷണം നടത്തി.ട്രഷറർ ബാവ വിസപ്പടി, ഭാരവാഹികളായ ഗുലാം ഹസ്സൻആലംഗീർ, എൻ.കെ ഹഫ്സൽ റഹ്മാൻ,കുരിക്കൾ മുനീർ, സലാം ആതവനാട്,കെ എം അലി, ടി.പി ഹാരിസ്, സി അബ്ദുൽ അസീസ്, ശരീഫ് വടക്കയിൽ, യൂസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ, എന്നിവർ സംബന്ധിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]