അഴിമതി രഹിത ഭരണ സംവിധാനമാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാൻ

അഴിമതി രഹിത ഭരണ സംവിധാനമാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാൻ

പൊന്നാനി: അഴിമതി രഹിതമായ ഭരണ സംവിധാനമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് കായിക വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ.
പൊന്നാനിയിൽ നടന്ന കേരള സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ പട്ടിണി രഹിത സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ കേരളത്തെ നമ്പർ വൺ ആക്കാനും ഈ സർക്കാറിന് സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, അസി. കളക്ടർ കെ. മീര, എ.ഡി.എം എൻ.എം മെഹറലി, പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിൽ മേളയിൽ മികച്ച സ്റ്റാളുകൾക്കും മാധ്യമപ്രവർത്തകർക്കുമുള്ള ഉപഹാര സമർപ്പണവും നടത്തി.
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ കബളിപ്പിച്ച് യുവതി കടത്തിയ സ്വർണം പോലീസ് പിടികൂടി
പൊന്നാനിയുടെ മണ്ണിൽ ഏഴു ദിനം നീണ്ടുനിന്ന കേരള സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേള നിരവധി പേരാണ് സാക്ഷിയാകാൻ പൊന്നാനി എ.വി സ്‌കൂൾ മെതാനത്ത് എത്തിയത്.
മലപ്പുറത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളയ്ക്കാണ് പൊന്നാനി വേദിയായത്. 200 ലധികം സ്റ്റാളുകളും വ്യത്യസ്തമായ കലാപരിപാടികളും സെമിനാറുകളും മേളയുടെ മാറ്റ് വർധിപ്പിച്ചു. 42,000 ചതുരശ്ര അടിയിൽ ശീതീകരിച്ച ജർമ്മൻ ഹാംഗറിൽ 66 സർക്കാർ വകുപ്പുകളുടെ 108 തീം- സർവീസ് സ്റ്റാളുകൾ, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ 160 വിപണന യൂണിറ്റുകൾ എന്നിവയും മേളയുടെ ഭാഗമായി. കുടുംബശ്രീയുടെ മേൽ നോട്ടത്തിൽ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേളയും നടന്നു. എഞ്ചിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ ടെക്‌നോ ഡെമോ, സ്‌പോർട്‌സ് കൗൺസിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സ്‌പോർട്‌സ്- ചിൽഡ്രൻസ് സോണുകൾ എന്നിവയും കാഴ്ചക്കാർക്ക് നവ്യാനുഭവം നൽകി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സെൽഫി ആരാധകരെ ഏറെ ആകർഷിച്ച ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫോട്ടോ സ്പിൻ 360 ഡിഗ്രി വീഡിയോ ക്യാം ബൂത്ത്, ടൂറിസം വകുപ്പിന്റെ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതിയ സുരങ്കയും ഏലത്തോട്ടവും, സേവനങ്ങളും സമ്മാനങ്ങളുമായി വിവിധ വകുപ്പുകളും മേളയെ പൊതുജന ശ്രദ്ധയാകർഷിച്ചു. പൊന്നാനിയിലെ അപ്പത്തരങ്ങളും അട്ടപ്പാടി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ടുകളായ വനസുന്ദരിയും സോലൈ മിലനും വിളമ്പിയ കുടുംബശ്രീയുടെ ഫുഡ് കോർട്ട്, കാലിക പ്രസക്തമായ വിഷങ്ങൾ ചർച്ച ചെയ്ത സെമിനാറുകൾ, പ്രമുഖ ബാൻഡുകളുടെയും ഭിന്നശേഷിക്കാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ കലാ പരിപാടികളും മേളയ്ക്ക് മാറ്റേകി.

കെ.എസ്.ഇ.ബിക്കും പൊന്നാനി നഗരസഭയ്ക്കും ഒന്നാം സ്ഥാനം

പൊന്നാനി എ.വി സ്‌കൂളിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഏറ്റവും മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കെ.എസ്.ഇ.ബിയ്ക്ക് ലഭിച്ചു. മികച്ച ആക്ടിവിറ്റീസ് ഏരിയക്കുള്ള പുരസ്‌കാരം പൊന്നാനി നഗരസഭയും കരസ്ഥമാക്കി. കൊമേഴ്ഷ്യൽ സ്റ്റാളുകളിൽ എടപ്പറ്റ ബീ ഡ്രോപ്സും ഫുഡ് കോർട്ട് അവാർഡിൽ പൊന്മള ജനതാ കഫേ ഒന്നാം സ്ഥാനം നേടി. തീം സ്റ്റാളുകളിൽ രണ്ടാം സ്ഥാനം നേടിയത് പൊലീസ് ഡിപ്പാർട്ടുമെൻറിനാണ്. വനിതാ ശിശു വികസന വകുപ്പും ക്ഷീര വികസന വകുപ്പും മൃഗ സംരക്ഷണ വകുപ്പും മൂന്നാം സ്ഥാനം പങ്കിട്ടു. ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ഐ.ടി മിഷൻ (അക്ഷയ), കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, നോർക്ക, പൊതുവിദ്യഭ്യാസ വകുപ്പ് എന്നിവ പ്രത്യേക ജൂറി അവാർഡുകൾ നേടി. ആക്ടീവ് ഏരിയാ പുരസ്‌കാരത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിനാണ് രണ്ടാം സ്ഥാനം. കൊമേഴ്ഷ്യൽ സ്റ്റാളുകളിൽ രണ്ടാം സ്ഥാനം ഒഴൂർ എൻ.ആർ പ്രൊഡക്ടസ് കരസ്ഥമാക്കി. ഫുഡ് കോർട്ടിൽ അപ്പങ്ങൾ എമ്പാടും പൊന്നാനി രണ്ടാം സ്ഥാനം നേടി. തീം, കൊമേഴ്ഷ്യൽ സ്റ്റാൾ സ്പെഷ്യൽ പുരസ്‌കാരം സപ്ലെകോ നേടി.

മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

പൊന്നാനി എ.വി സ്‌കൂളിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ കവറേജിനുള്ള മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. മികച്ച വാർത്താ കവറേജ് ദേശാഭിമാനി, സിറാജ് എന്നീ ദിനപത്രങ്ങളും കേരള വിഷൻ ചാനലും കരസ്ഥമാക്കി. പൊന്നാനി ചാനൽ, പേജ് ടി.വി എന്നീ ചാനലുകൾ പ്രത്യേക പുരസ്‌കാരവും നേടി. കെ ഷമീർ (സീനിയർ ഫോട്ടോഗ്രഫർ, ദേശാഭിമാനി, മലപ്പുറം) മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡും പ്രകാശ് പൊക്കാട്ട് (കേരള വിഷൻ) മികച്ച റിപ്പോർട്ടർക്കുള്ള അവാർഡും ഷബീർ നാലുകണ്ടത്തിൽ (കേരള വിഷൻ) മികച്ച ക്യാമറാമാനുമുള്ള അവാർഡും നേടി.

Sharing is caring!