ലീ​ഗിന്റെ സമുദായ വഞ്ചനയ്ക്ക് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് കെ എസ് ഹംസ

ലീ​ഗിന്റെ സമുദായ വഞ്ചനയ്ക്ക് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് കെ എസ് ഹംസ

തിരൂരങ്ങാടി: മുസ്ലിം സമുദായത്തെ ലീഗ് വഞ്ചിച്ചത് 14 തവണയാണെന്നും സമുദായ വഞ്ചനയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നും പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ വിവിധ പര്യടനകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.ഐ.എ ബില്‍, മുത്തലാഖ് ബില്‍, പൗരത്വ നിയമ ഭേദഗതി ബില്‍, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടങ്ങിയവ ഇവയില്‍ ചിലതാണ്. കേരളീയ താല്‍പ്പര്യങ്ങള്‍ക്കും സമുദായ താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായ നിലപാടുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും ലീഗ് സ്വീകരിച്ചത്. സംഘ്പരിവാറിനെ പിണക്കാതെ അവരുടെ ഓരം പറ്റിയാണ് ലീഗ് നേതൃത്വം പ്രവര്‍ത്തിക്കുന്നത്. മോദിയെയും ഇ.ഡിയെയും മടിയെയുമാണ് ഇവര്‍ ഭയക്കുന്നത്. ഇതുമൂലം സമുദായത്തെ ഒറ്റിക്കൊടുക്കുന്നു. ഇത് സാധാരണ പ്രവര്‍ത്തകര്‍ തിരിച്ചറിയണം. തെരഞ്ഞെടുപ്പ് ലീഗ് നേതൃത്വത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കണമെന്നും ഹംസ പറഞ്ഞു.

തിരൂരങ്ങാടി നഗരസഭയിലെ വെന്നിയൂരിലായിരുന്നു വെള്ളിയാഴ്ച പ്രചാരണത്തുടക്കം. തെന്നല, പെരുമണ്ണ, എടരിക്കോട്, നന്നമ്പ്ര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥി വാഹന പര്യടനം നടത്തി. എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ വി.പി സോമസുന്ദരന്‍, തയ്യില്‍ അലവി, അഡ്വ. സി. ഇബ്രാഹിംകുട്ടി, ടി. കാര്‍ത്തികേയന്‍, സിറാജ്, ജി. സുരേഷ്‌കുമാര്‍, കെ. മൊയ്തീന്‍കോയ, പി. മോഹനന്‍, സി.പി നൗഫല്‍, അഷറഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മസ്‌കറ്റ്-കോഴിക്കോട് വിമാനയാത്രയ്ക്കിടെ വടകര സ്വദേശി മരണപ്പെട്ടു

Sharing is caring!