മലപ്പുറം ഫുട്ബോൾ ക്ലബിന് ജൂലൈ 26ന് ഔദ്യോ​ഗിക തുടക്കമാകും

മലപ്പുറം ഫുട്ബോൾ ക്ലബിന് ജൂലൈ 26ന് ഔദ്യോ​ഗിക തുടക്കമാകും

മലപ്പുറം: ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് നിന്നും പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന് തുടക്കമിടുന്നു. ഒരു കൂട്ടം ഫുട്‌ബോള്‍ പ്രേമികളായ വ്യവസായികളുടെ നേതൃത്വത്തില്‍ തുടങ്ങുന്ന മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബിന്റെ ലോഞ്ചിങ് 26ന് പത്മശ്രീ ഡോ. എം എ യൂസഫലി നിര്‍വഹിക്കും. മലപ്പുറം എം എസ് പി ഗ്രൗണ്ടില്‍ വൈകിട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിശിഷ്ട വ്യക്തികള്‍, കായിക താരങ്ങള്‍, ഫുട്‌ബോള്‍ പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഫുട്‌ബോള്‍ ഒരു മുഴുസമയ പ്രൊഫഷന്‍ ആയി തിരഞ്ഞെടുക്കുവാന്‍ മിടുക്കന്മാരെ എത്തിക്കുക എന്നതാണ് എം എഫ് സിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് കേരളത്തില്‍ നിന്ന് പ്രൊഫഷണല്‍ ഫുടബോള്‍ കളിക്കാരുടെ ശക്തമായ ഒരു നിര തന്നെ കെട്ടിപ്പടുക്കുവാന്‍ സാധിപ്പിക്കുകയാണ് എം എഫ് സി ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു. പയ്യനാട് സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ക്ലബ്ബ് സ്വന്തമായി അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം നിര്‍മിക്കും. ഇതിനായി വാഴക്കാടിനടുത്ത് 15 ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. ഫിഫ അംഗീകാരമുള്ള സറ്റേഡിയമാവും നിര്‍മിക്കുക.

നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയമാണ് പരിശീലന ഗ്രൗണ്ടായി തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടര വര്‍ഷത്തേക്കാണ് സര്‍വകലശാലയുമായി ക്ലബ്ബ് കരാറിലെത്തിയിരിക്കുന്നത്. മലപ്പുറത്തെ വിവിധ ക്ലബ്ബുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കഴിവുള്ള കളിക്കാര്‍ക്ക് പരിശീലനം, കൗണ്‍സിലിങ് എന്നിവ എം എഫ് സി ലഭ്യമാക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അക്കാദമികള്‍ എം എഫ് സി രണ്ടാം ഘട്ടത്തില്‍ സ്ഥാപിക്കും. ചെന്നെയിന്‍ എഫ് സിക്ക് ഐ എസ് എല്‍ കിരീടം സമ്മാനിച്ച മുന്‍ ഇംഗ്ലണ്ട് താരം ജോണ്‍ ചാള്‍സ് ഗ്രിഗറിയാണ് മലപ്പുറം എഫ് സിയുടെ മുഖ്യപരിശീലകന്‍. ചെന്നെയിന്‍ എഫ് സി മുന്‍ ടെക്‌നിക്കല്‍ ഡയറക്ടറും റിസര്‍വ് ടീം പരിശീലകനുമായ തിരുവനന്തപ്പുരം പൊഴിയൂര്‍ സ്വദേശി ക്ലയോഫസ് അലക്‌സ് ആണ് സഹപരിശീലകന്‍. നോര്‍ത്താംപട്ണ്‍ ടൗണ്‍, ആസ്റ്റണ്‍ വില്ല, ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകളില്‍ മിഡ്ഫീല്‍ഡറായി തിളങ്ങിയ ജോണ്‍ ഗ്രിഗറി ഇംഗ്ലണ്ടിനായി ആറ് രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.2019ല്‍ ചെന്നെയിന്‍ എഫ്‌സിയെ സൂപ്പര്‍ കപ്പ് റണ്ണറപ്പാക്കാനും ജോണ്‍ ഗ്രിഗറിക്ക് കഴിഞ്ഞിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍, ഷംസുദ്ധീന്‍, അന്‍വര്‍ അമീന്‍ ചേലാട്ട്, അജ്മല്‍ ബിസ്മി, ആഷിഖ് കൈനിക്കര, ബേബി നീലാംബ്ര, ജംഷീദ് പി ലില്ലി എന്നിവര്‍ പങ്കെടുത്തു.

മലപ്പുറത്തെ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു

Sharing is caring!