ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി- ജില്ലാ കളക്ടര്‍
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 16,96,709 പേര്‍ പുരുഷന്മാരും 16,97,132 പേര്‍ സ്ത്രീകളും 43 പേര്‍ ട്രാന്‍സ്‍ജെന്‍ഡേഴ്സുമാണ്. കന്നി വോട്ടര്‍മാരായി 82,286 പേരും വോട്ട് രേഖപ്പെടുത്തും.
ഏപ്രില്‍ 26 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ട് സ്ഥാനാര്‍ത്ഥികള്‍ വീതമാണ് മത്സര രംഗത്തുള്ളത്. 23 ഓക്സിലറി ബൂത്തുകളടക്കം ജില്ലയില്‍ ആകെ 2798 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മലപ്പുറം, പൊന്നാനി, വയനാട് നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ആകെ 80 മാതൃകാ പോളിങ് സ്റ്റേഷനുകളും സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള 80 പോളിങ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായ രണ്ടു പോളിങ് സ്റ്റേഷനുകളും (മലപ്പുറം-1, പൊന്നാനി- 1) സജ്ജീകരിച്ചിട്ടുണ്ട്. റിസര്‍വ് ഉദ്യോഗസ്ഥരടക്കം ആകെ 13,430 ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. താഴെ തട്ടില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിനായി 288 സെക്ടര്‍ ഓഫീസര്‍മാരെയും പ്രശ്നബാധിത ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി 62 മൈക്രോ ഒബ്‍സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
റിസര്‍വ് ഉള്‍പ്പടെ 3324 ഇലക്‌ട്രോണിക് മെഷീനുകളാണ് ജില്ലയില്‍ വോട്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ ഇവ ഉടനടി മാറ്റി പുതിയ മെഷീനുകള്‍ എത്തിക്കും. വോട്ടെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിനായി ജില്ലയിൽ മുഴുവൻ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും വെബ്‌കാസ്റ്റിങ് സംവിധാനത്തിലൂടെ തൽസമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും. വോട്ടെടുപ്പ് ദിവസം അതത് പോളിങ് ബൂത്തുകളിലെ പ്രശ്നങ്ങളും പരാതികളും അറിയിക്കാനും അടിയന്തര പ്രശ്ന പരിഹാരത്തിന് ഇടപെടാനുമായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അതിവേഗത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച നിമിഷം മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നത് വരെയുള്ള ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള വിവരങ്ങളും ഇതില്‍ അപ്‌ഡേറ്റ് ചെയ്യും. വോട്ടെടുപ്പിലെ അപാകതകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറുകള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇത്തരം കാര്യങ്ങളില്‍ പരാതികള്‍ ലഭിക്കുന്ന പക്ഷം സെക്ടറല്‍ ഓഫീസര്‍മാര്‍, ക്യൂക് റെസ്പോണ്‍സ് ടീം എന്നിവരെ അറിയിച്ച് പ്രശ്ന പരിഹാരത്തിന് നടപടിയെടുക്കും.
പോളിങ് സാമഗ്രികളുടെ വിതരണം ഉള്‍പ്പടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 1400 വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം വിവിധ സ്ക്വാഡുകള്‍ക്കായി 203 വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്.
രാഹുലിനെ അധിക്ഷേപിച്ച് അൻവർ, ന്യായീകരിച്ച് മുഖ്യമന്ത്രി
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച (ഏപ്രില്‍ 25) രാവിലെ എട്ടു മുതല്‍ 14 വിതരണ കേന്ദ്രങ്ങളിലായി നടക്കും. സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്‍പ് ഡെസ്ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവ ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിലായി പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ വേളയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. ഇവിടെ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. വോട്ടിങ് യന്ത്രങ്ങള്‍ കേന്ദ്ര സായുധ റിസര്‍വ് പൊലീസിന്റെയും കേരള പൊലീസിന്റെയും സായുധ കാവലില്‍ സി.സി.ടി.വി ഉള്‍പ്പടെയുള്ള നീരീക്ഷണ സംവിധാനങ്ങളോടെ വോട്ടെണ്ണല്‍ ദിവസം വരെ ഈ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.
ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. മലപ്പുറം ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. മലപ്പുറം മണ്ഡലത്തില്‍ മലപ്പുറം ഗവ. കോളേജും പൊന്നാനി മണ്ഡലത്തില്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളേജും വയനാട് മണ്ഡലത്തില്‍ (നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങള്‍ക്ക്) ചുങ്കത്തറ മാര്‍ത്തോമ കോളേജുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]