മലപ്പുറത്തിന്റെ വികസനത്തിന് വികസന രേഖ അവതരിപ്പിച്ച് ബി ജെ പി

മലപ്പുറത്തിന്റെ വികസനത്തിന് വികസന രേഖ അവതരിപ്പിച്ച് ബി ജെ പി

മലപ്പുറം: മലപ്പുറത്ത് എൻ ഡി എ സ്ഥാനാർഥി ജയിച്ചാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസനരേഖ പ്രകടനപത്രികയായി അവതരിപ്പിച്ച് എന്‍ഡിഎ. എന്‍ഡിഎ മലപ്പുറം ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടന പത്രിക മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മലപ്പുറം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം നല്‍കി പ്രകാശനം ചെയ്തു.

പിന്നോക്കാവസ്ഥയില്‍ നിലകൊള്ളുന്ന മണ്ഡലത്തില്‍ വികസനവും പുരോഗതിയും എങ്ങനെ വേണമെന്നുള്ള കാഴ്ച്ചപാടാണ് എന്‍ഡിഎ പ്രകടന പത്രിക വഴി ജനങ്ങളില്‍ എത്തിക്കുന്നതെന്ന് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രകാശനം നിര്‍വ്വഹിച്ചു കൊണ്ടു പറഞ്ഞു. വ്യവസായം, വാണിജ്യം, വ്യാപാരം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിലവില്‍ ഒരു വികസനപ്രക്രിയയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ ചെയ്തിട്ടില്ല. ജനപ്രതിനിധി എന്നുള്ളത് അലങ്കാരവും ആഭരണവുമാത്രമാണ് ഇതുവരെയുള്ള നമ്മുടെ പാര്‍ലമെന്റിലെ പ്രതിനിധികള്‍ കണ്ടിരുന്നത്. കൊണ്ടുനടക്കാനും നാട്ടുകാരുടെ മുന്നില്‍ ആലങ്കാരികമായി ഉയര്‍ത്തിപ്പിടിക്കാനും മാത്രമാണ് സ്ഥാനമാനങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നത്. അതിന്റെ ദുരിതവും ദുരന്തവും അനുഭവിക്കുന്നത് ഈ പ്രദേശത്തെ ജനങ്ങളാണ്. ഈ മുരടിപ്പ് മനസ്സിലാക്കികൊണ്ടു തന്നെയാണ് എന്‍ഡിഎ വികസന രേഖ തയ്യാറാക്കി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസ വിചക്ഷണനും ഒരു നാടിന്റെ പുരോഗതിയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുള്ള വ്യക്തിയാണ്. നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം പറയുകയും അത് പ്രാവര്‍ത്തികമാക്കാന്‍ ആര്‍ജവമുള്ള നരേന്ദ്രമോദിയുടെ പ്രതിനിധിയായാണ് അബ്ദുള്‍ സലാം ജനവിധി തേടുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എല്ലാ ഭാരതീയരേയും ഉള്‍കൊള്ളുന്ന ജനഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്നും എന്നാല്‍ ഹിന്ദു പാര്‍ട്ടിയായി ചിത്രികരിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും മലപ്പുറം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം പറഞ്ഞു. വികസന രാഷ്ട്രീയം പറഞ്ഞാണ് എന്‍ഡിഎ മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. വികസനമുരടിപ്പില്‍ നില്‍ക്കുന്ന മലപ്പുറത്തെ എങ്ങനെ വികസിപ്പിക്കാമെന്നതാണ് എന്‍ഡിഎ ചിന്തിക്കുന്നത്. സര്‍വ്വേകളില്‍ മലപ്പുറം മണ്ഡലത്തില്‍ എന്‍ഡിഎയുടെ കുതിച്ചുചാട്ടമാണ് പ്രവചിക്കുന്നത്. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയുടെ ഭാഗമായി മാറാന്‍ മലപ്പുറത്തിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലെത്തി മന്ത്രിയാകും; കെ എസ് ഹംസ

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, മേഖലാ ജനറല്‍ സെക്രട്ടറി പ്രേമന്‍, ചീഫ് ഇലക്ഷന്‍ ഏജന്റ് കെ. രാമചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!