നെടുമ്പാശേരി വഴി കടത്തിയ ഒരുകിലോ സ്വര്‍ണം മലപ്പുറം അരീക്കോട് വെച്ച് പോലീസ് പിടികൂടി

നെടുമ്പാശേരി വഴി കടത്തിയ  ഒരുകിലോ സ്വര്‍ണം മലപ്പുറം  അരീക്കോട് വെച്ച് പോലീസ്  പിടികൂടി

മലപ്പുറം: ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം അരീക്കോടുവച്ച് പോലീസ് പിടികൂടി. സ്വര്‍ണംകടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണം സ്വീകരിച്ച മൂന്നുപേരെയും അറസ്റ്റുചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും കാരിയര്‍ക്കുള്ള ഒരുലക്ഷം രൂപയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 6.30ന് ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ് (56), സ്വര്‍ണം കൈപ്പറ്റിയ താമരശേരി സ്വദേശികളായ മിദ്‌ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരാണ് 63 ലക്ഷം രൂപയുടെ 1,063 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
സ്വര്‍ണം മിശ്രിതരൂപത്തില്‍ നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്‌റഫ് കടത്തിയത്. കടത്തുസ്വര്‍ണം കൈപ്പറ്റി അഷ്‌റഫിനെയും കുടുംബത്തെയും കാറില്‍ കൊടിയത്തൂരിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
സ്വര്‍ണവുമായി അരീക്കോടുവഴി കൊടിയത്തൂരിലേക്ക് ഒരുസംഘം പോവുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അരീക്കോട് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ അഷ്‌റഫും കൂട്ടാളികളും സ്വര്‍ണമുണ്ടെന്നത് നിഷേധിച്ചു. ലഗേജുകള്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണവും ഒരുലക്ഷം രൂപയും വാഹനവും കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കും. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് പൊലീസ് പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളിലേക്ക് കള്ളക്കടത്ത് സംഘം ചുവട് മാറ്റിയതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

Sharing is caring!