സംസ്ഥാനത്തിന് മാതൃകയായി സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിളമ്പി മലപ്പുറത്തെ വിദ്യാലയം

സംസ്ഥാനത്തിന് മാതൃകയായി സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിളമ്പി മലപ്പുറത്തെ വിദ്യാലയം

തിരൂരങ്ങാടി: സംസ്ഥാനത്തിന് പുത്തൻ മാതൃകയുമായി മലപ്പുറത്ത് നിന്നൊരു സർക്കാർ സ്കൂൾ. ഉച്ചഭക്ഷണത്തിന് പുറമേ കുട്ടികൾക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയാണ് എ ആർ ന​ഗർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ മാതൃകയാക്കുന്നത്. പി ടി എയുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കടകളില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഇത്തരമൊരു ഇടപെടല്‍. പി.ടി.എയുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ച്, രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന വിവിധ ഭക്ഷ്യവിഭവങ്ങളാണ് കുട്ടികള്‍ക്കായി വിളമ്പുക. വിദ്യാലയത്തിലെ അധ്യാപികയായ റജില കാവൂട്ടാണ് ഈ സംരംഭത്തിന് ആദ്യ തുക സംഭാവന ചെയ്തത്. പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികളിലേക്കെത്തിക്കുക എന്നതും പായ്ക്കറ്റ് ഭക്ഷ്യസംസ്‌കാരത്തെ നിരുത്സാഹപ്പെടുത്തുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പി.ഷീജ, പിടിഎ പ്രസിഡന്റ് സി.വേലായുധന്‍, എം.പി.ടി.എ പ്രസിഡന്റ് സി.എം. മോനിഷ, പി.ടി.എ ഭാരവാഹികളായ സാദിക്ക്, ഉണ്ണി, ഹംസ, ശംസുദ്ദീന്‍, സര്‍ബീന, സനീഷ, സന്ധ്യ, റീന, റസീന, ഹബീബ, ലളിത, അമ്മു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!