പലിശക്ക് പണം നല്‍കുന്ന മലപ്പുറത്തെ പ്ലസ്ടു അധ്യാപകന്‍ അറസ്റ്റില്‍

പലിശക്ക് പണം നല്‍കുന്ന മലപ്പുറത്തെ പ്ലസ്ടു അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: അനധികൃത പണമിടപാട് നടത്തിയ സംഭവത്തില്‍ അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അരീക്കോട് പോലീസിന്റെ പിടിയില്‍. പുത്തലം കൈപ്പക്കുളം സ്വദേശി ഷിഹാബുദീനെ (46) നെയാണ് അരീക്കോട് എസ്‌ഐ സുബ്രഹ്മണ്യന്‍ അറസ്റ്റ് ചെയ്തത്. അരീക്കോട് എസ്എച്ച്ഒ സി വി ലൈജു മോന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പ്രതിയുടെ വീട്ടില്‍ അരീക്കോട് പോലീസ് നടത്തിയ പരിശോധനയില്‍ പലിശയ്ക്ക് പണം നല്‍കുന്നതിന്റെ മുദ്ര പേപ്പറുകള്‍, ആധാരം, ബാങ്ക് ചെക്ക് ഉള്‍പ്പെടെയുള്ള രേഖകളും പിടികൂടി. നിരവധി പേരുടെ മുദ്ര പേപ്പര്‍, ആധാരം, ബാങ്ക് ചെക്ക് ഉള്‍പ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 50 ലക്ഷം രൂപയുടെ ഇടപാടുകള്‍ അധ്യാപകന്‍ നടത്തിയതായി അരീക്കോട് എസ്എച്ച്ഒ സി വി ലൈജുമോന്‍ പറഞ്ഞു.

പലിശയ്ക്ക് പണം നല്‍കിയതിന്റെ 33 രേഖകളും റെയ്ഡില്‍ കണ്ടെത്തി. പണത്തിന്റെ ഉറവിടമടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. പിടിയിലായ ഷിഹാബുദീനെതിരെ വഞ്ചന, അനധികൃത പണമിടപാട് നടത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി. അരീക്കോട് എസ്എച്ച്ഒ സി വി ലൈജു മോന്‍, എസ്‌ഐ സുബ്രഹ്മണ്യന്‍, സ്വായംപ്രഭ, സനുബ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അനേഷണം നടത്തിയത്.

 

Sharing is caring!