ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് മലപ്പുറത്തെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് മലപ്പുറത്തെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

മലപ്പുറം: ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍. എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഷോര്‍ട്ട്‌ലിസ്റ്റിന്റെ മുഖ്യപട്ടികയില്‍ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് പി.എസ്.സി മാനദണ്ഡം പാലിച്ചും
ജില്ലയിലെ ഒഴിവിന് ആനുപാതികമായുമാണെന്നും ഇതേ തസ്തികയില്‍ എല്ലാ ജില്ലയിലും ഒരേ അനുപാതത്തിലാണെന്നും തെളിയിക്കുന്നവര്‍ക്കാണ് സമരസമിതി ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. ജില്ലയില്‍ പി.എസ്.സി 2021 ആഗസ്റ്റ് 26നാണ് കാറ്റഗറി നമ്പര്‍ 516/2019 എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ കുറെ മാസങ്ങളായി സമരത്തിലാണ്. വിഷയത്തില്‍ സര്‍ക്കാറില്‍ നിന്നും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഇതിനിടെയാണ് സമ്മാന പ്രഖ്യാപനവുമായി സമരസമിതി രംഗത്തെത്തിയത്. തെളിവുകള്‍ അയക്കുന്നതിനായി വാട്ട്‌സ്ആപ്പ് നമ്പറും ഇ മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. എല്‍.പി.എസ്.ടി മുഖ്യ പട്ടികയിലെ അപാകതകള്‍ പരിഹരിച്ച് ലിസ്റ്റ് വിപുലീകരിക്കണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ആറ് മാസത്തോളമായി ഇവര്‍ സമരം ചെയ്യുന്നത്.
92 ദിവസം മലപ്പുറം കലക്ടറേറ്റ് പരിസരത്ത് നടത്തിയ നിരാഹാര സമരത്തില്‍ പ്രതീക്ഷകള്‍ മങ്ങിയപ്പോഴാണ് സമരം സെക്രട്ടറിയറ്റിന് മുമ്പിലേക്ക് മാറ്റിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്നലെ മുതല്‍ പി.എസ്.സി ആസ്ഥാനത്ത് സമരപന്തല്‍ പോലുമില്ലാതെ കോരിച്ചൊരിയുന്ന മഴയും, തണുപ്പും വക വെക്കാതെ രാപ്പകല്‍ സമരത്തിലാണ് വനിത ഉദ്യോഗാര്‍ത്ഥികള്‍, രാത്രി ശക്തമായ മഴ കൊണ്ട് ഭൂരിഭാഗം വനിത ഉദ്യോഗാര്‍ത്ഥികള്‍ക്കും പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി. മലപ്പുറത്തെ ഉദ്യോഗാര്‍ത്ഥികള്‍ തിരുമനന്തപുരം പി.എസ്.സി ആസ്ഥാനത്ത് നടത്തുന്ന സമരം 163 ദിവസം പിന്നിട്ടു. ജില്ലയിലെ എല്‍.പി സ്‌കൂളുകളില്‍ നിരവധി ഒഴിവുകളുണ്ടായിട്ടും പി.എസ്.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍പറയുന്നത്.

Sharing is caring!