സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ ശേഷം പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ അബ്ദുല്ല മുസ്ലിയാര്‍ക്കും പെരിന്തല്‍മണ്ണ സിഐക്കും കമ്മിഷന്‍ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷണറോടും വിശദീകരണം ചോദിച്ചു.വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതര്‍ സ്വമേധയാകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സമസ്ത നേതാവ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോ സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ സമസ്തയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സംഭവത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോഴാണ് വിവാദമായ സംഭവമുണ്ടായത്. സമസ്തയുടെ പൊതുവേദിയിലേക്ക് ഇനി മേലാല്‍ പെണ്‍കുട്ടികളെ ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സമസ്ത നേതാവായ എം ടി അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരെ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍.
”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ വേദിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണം. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നു അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീ പുരുഷ സമത്വത്തിന് ഇത്രയേറെ പ്രാധാന്യ കല്‍പ്പിക്കുന്ന കേരളീയ സമൂഹത്തിന്റെ നിശ്ശബ്ദത അതീവ ഖേദകരമാണ്. മുസ്ലിം സ്ത്രീകളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള പുരോഹിതരുടെ, മതനേതാക്കളുടെ ശ്രമമാണ് ഇതിനുപിന്നില്‍. ഇതിന് ഖുര്‍ആന്‍ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിന്‍ബലമില്ല, അവയുടെ ലംഘനമാണ് നടക്കുന്നത്.
സമസ്ത വേദിയില്‍ നടന്നത് ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നത്. സ്വമേധയാ കേസ് എടുക്കേണ്ടതാണ്. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്താന്‍ കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിജാബ് വിഷയം അടക്കം ചേര്‍ത്തുവച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ദേശീയ നേതാക്കളടക്കം ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു

 

Sharing is caring!