മഞ്ചേരിയിലെ പച്ചക്കറി മാര്‍ക്കറ്റില്‍നിന്നും 168 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

മഞ്ചേരി : മഞ്ചേരി പച്ചക്കറി മാര്‍ക്കറ്റില്‍ എക്സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 168 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 13 ചാക്കുകളിലായി മഹേന്ദ്ര മാക്സ് ട്രക്ക് പിക്കപ്പില്‍ എത്തിച്ച 9700 പാക്കറ്റ് ഹാന്‍സ്, കൂള്‍ ലിപ്പ് ഇനത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. എക്സൈസ് അധികൃതരെ കണ്ടതോടെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. പൂക്കോട്ടൂര്‍ ചീനിക്കല്‍ സ്വദേശിയായ മണ്ണേത്തൊടി മുജീബ് റഹ്മാനാണ് വാഹനത്തിന്റെ ഉടമയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസ്സെടുത്തു. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ 7 ലക്ഷം രൂപയോളം വില മതിക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. 13 ചാക്കുകളിലാക്കി വണ്ടിയുടെ ബോഡിക്കുള്ളില്‍ ഷീറ്റ് കെട്ടി ഒളിപ്പിച്ചായിരുന്നു ഹാന്‍സ് കടത്തിക്കൊണ്ടു വന്നത്. മൈസൂരില്‍ നിന്നാണ് ഹാന്‍സ് കയറ്റിയതെന്ന് ബോധ്യമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായും നിയമനടപടികള്‍ക്കുമായി മലപ്പുറം ഡെപ്പൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മുതലുകളും വാഹനവും മഞ്ചേരി പോലീസ് സ്റേഷനിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ചേരി ടൗണ്‍ ഭാഗത്തും പരിസരങ്ങളില്‍ നിന്നും സമാനമായ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത വിതരണക്കാരനെ സംബന്ധിച്ച് സൂചന ലഭിച്ചത്.
മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി,പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍.പി.സുരേഷ് ബാബു, പി.ഇ.ഹംസ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. ഷെബീര്‍ അലി, കെ.ഷംസുദ്ദീന്‍, കെ.വിനീത്, ഇ.ജിഷില്‍ നായര്‍, പി.റെജിലാല്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

 

Sharing is caring!