മലപ്പുറത്ത് ആരും വശന്നിരിക്കേണ്ട, ഭക്ഷണം വീടുകളിലെത്തിച്ചു നല്‍കും

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ സമ്പൂര്‍ണമായി അടച്ചുപൂട്ടിയെങ്കിലും ഒരാളും ഭക്ഷണം കിട്ടാതെ വിശന്നിരിക്കേണ്ടിവരില്ല. ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ സജീവമായുണ്ട് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ 78 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചത്. ഇതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചില പ്രദേശങ്ങളില്‍ ഒഴികെ എല്ലായിടത്തും ജനകീയ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കുന്നില്ല. 25 രൂപ നിരക്കില്‍ പാര്‍സലായാണ് ഭക്ഷണവിതരണം. ചൊവ്വാഴ്ച മുതല്‍ എല്ലാ ജനകീയ ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിക്കാനാണ് ജില്ലാ കുടുംബശ്രീ മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചിലയിടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വീടുകളില്‍ എത്തിച്ചുനല്‍കാനും സംവിധാനമുണ്ട്. 33 തദ്ദേശസ്ഥാപനങ്ങളില്‍ ഇനിയും ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാനുണ്ട്. ഇവിടങ്ങളില്‍ കെട്ടിടം, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമായിടങ്ങളില്‍ എത്രയും വേഗം ഹോട്ടലുകള്‍ ആരംഭിക്കണം. സൗകര്യങ്ങള്‍ ലഭ്യമാകാത്ത തദ്ദേശസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി.-

 

Sharing is caring!