യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കിഫ്ബി തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കിഫ്ബി തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കിഫ്ബിയുടെ സുതാര്യത സംശയത്തില്‍ ആണ്. വികസനത്തിന് തടസം നില്‍ക്കേണ്ട എന്നു കരുതിയാണ് തുടക്കത്തില്‍ യു ഡി എഫ് എതിര്‍ക്കാതിരുന്നത്. ഓഡിറ്റ് ഇല്ലാതെ മുന്നോട്ടു പോകുന്നതിനെ നേരത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ഓഡിറ്റ് പോലും ഇല്ലാത്ത ഫണ്ട് വിനിയോഗം അഴിമതിയാണ്. വിമര്‍ശിക്കുന്നവര്‍ക്ക് ഫണ്ടില്ല എന്ന് പറയാന്‍ ഇത് പാര്‍ട്ടി ഫണ്ടല്ല, പൊതു ഫണ്ടാണ്. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ധനസമാഹരണത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ വളഞ്ഞ മാര്‍ഗമാണ് കിഫ്ബി. എന്ത് വളഞ്ഞ മാര്‍ഗവും ചെന്ന് അവസാനിക്കുന്നത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരില്‍ ആണ്. ഈ സാഹചര്യത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി ഇതേപടി തുടരണോ എന്ന് മുന്നണി ഗൗരവമായി ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറകേ ധനകാര്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യതയും നഷ്ടമായി. ചട്ടലംഘനം ഉണ്ടെന്ന് ധനകാര്യമന്ത്രി തന്നെ സമ്മതിച്ചത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് പരാജയപ്പെട്ട സര്‍ക്കാര്‍ ആണ്. സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് കുറച്ചു. കോവിഡ് കാലത്ത് എല്ലാ ചുമതലകളും നല്‍കിയിട്ടും ആവശ്യമായ പണം നല്‍കിയില്ല. ഇത് തദ്ദേശ സ്ഥാപനങ്ങളെ കടക്കെണിയിലാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതില്‍ മുന്‍ യു ഡി എഫ് സര്‍ക്കാര്‍ മാതൃക കാണിച്ചു എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ ആണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Sharing is caring!