മതേതര ഇന്ത്യയുടെ കാവലാളായിരുന്നു സ്വാമി അഗ്‌നിവേശന്ന് മുനവ്വറലി തങ്ങള്‍

മതേതര ഇന്ത്യയുടെ കാവലാളായിരുന്നു സ്വാമി അഗ്‌നിവേശന്ന് മുനവ്വറലി തങ്ങള്‍

മലപ്പുറം: ജീവിത കാലം മുഴുവന്‍ ഇന്ത്യന്‍ മതേതര സംരക്ഷണത്തിന് വേണ്ടി പോരാട്ടങ്ങള്‍ നടത്തിയ
മഹത് വ്യക്തിത്വത്തിനുടമയായിരുന്നു സ്വാമി അഗ്‌നിവേഷെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം പണ്ഡിതനുമായ സ്വാമി അഗ്‌നിവേശിന്റെ (81) മരണത്തില്‍ അനുശോചനം അറിയിച്ചാണ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. മുനവ്വറലി തങ്ങളുടെ അനുശോചന കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ:
നിരവധി മത മേലധ്യക്ഷര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫാഷിസ്റ്റ് ശക്തികള്‍ക്ക് വേണ്ടി കുഴലൂതാന്‍ ശ്രമിച്ചപ്പോഴും തന്റെ നിലപാട് മതേതരത്വമാണെന്ന് ഉറക്കെ പറയാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല.

ഫാഷിസ്റ്റ് ഭീഷണി പലതവണ നേരിട്ടെങ്കിലും അതൊന്നും വകവെച്ചില്ല. ഫറോഖ് കോളേജിലെ പഠന കാലം മുതല്‍ അദ്ദേഹത്തില്‍ ഞാന്‍ അകൃഷ്ടനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ട് അദ്ദേഹത്തെ ശരിക്കും ശ്രവിച്ചിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലും ഇതിനകം സന്ദര്‍ശിക്കാനായത് ഏറെ അഭിമാനകരമായി തോന്നുന്നു.
വിവിധ വിഭാഗങ്ങളുമായുള്ള സംവാദം, സമധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധസമരം, അടിമതൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് സ്വാമി.

സംഘ്പരിവാര്‍ ഫാഷിസം എല്ലാ പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിച്ചുകൊണ്ട് നമ്മെ അടക്കിഭരിക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നത് വലിയ കുറ്റമാണെന്ന് അദ്ദേഹം കണക്കാക്കി.രാജ്യത്ത് നടന്ന പൗരത്വ പ്രക്ഷോഭങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ ഷഹീന്‍ ബാഗ് സ്‌ക്വയറിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു സ്വാമിയുടേത്. അന്ന് ബി.ജെ.പി. നേതാക്കള്‍ നടത്തിയ പ്രസ്താവനക്കെതിരെ അദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു. പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

മരണം സംഭവിച്ചത്
കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്

മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം പണ്ഡിതനുമായ സ്വാമി അഗ്‌നിവേശ് (81) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ തന്നെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്നായിരുന്നു മെഡിഡക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അല്‍പം മു്ന്‍പാണ് മരണം സംഭവിച്ചത്.
1939ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കത്തയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസിനസ്സ് മാനാജ്മെന്റില്‍ അധ്യാപകനായി.
1968ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്‍ ചേര്‍ന്ന് സന്യാസം സ്വീകരിച്ചു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.
1977 ല്‍ ഹരിയാനയലെ നിയമസഭാംഗമായി. വിദ്യാഭ്യാസ മന്ത്രിയുമായി. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശബ്ദിച്ചു.
വിവിധ വിഭാഗങ്ങളുമായുള്ള സംവാദം, സമധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധസമരം, അടിമതൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു സ്വാമി അഗ്നിവേശ്.

Sharing is caring!