പ്രളയാനന്തരം സർക്കാർ എന്തു ചെയ്തു? മറുപടിയുമായി പി വി അൻവർ എം എൽ എ

പ്രളയാനന്തരം സർക്കാർ എന്തു ചെയ്തു? മറുപടിയുമായി പി വി അൻവർ എം എൽ എ

നിലമ്പൂർ: പ്രളയാനന്തരം സർക്കാർ നിലമ്പൂരിൽ എന്ത്‌ ചെയ്തു എന്ന വിശദീകരണവുമായി പി വി അൻവർ എം എൽ എ. വിമർശിക്കുന്നവർക്കുള്ള മറുപടിയായാണ് എം എൽ എ ഫെയ്സ്ബുക്കിലൂടെ രം​ഗത്ത് വന്നത് . സർക്കാറിന്റെ പ്രവർത്തനങ്ങൾ ഓരോന്നായ് എം എൽ എ തന്റെ പേജിൽ കുറിച്ചിട്ടുണ്ട്. നിലമ്പൂരിലെ പ്രളയ ബാധിത മേഖലയിൽ എൽ ഡി എഫ് സർക്കാർ ഇത്‌ വരെ ചിലവഴിച്ചത്‌ 95 കോടി രൂപയാണെന്ന് കുറിപ്പിൽ എം എൽ എ വ്യക്തമാക്കുന്നു.

കഴിഞ്ഞ പ്രളയത്തിൽ മരണപെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം 65 കുടുംബങ്ങൾക്ക് 2 കോടി 60 ലക്ഷം രൂപ ധനസഹായം നൽകിയതായും എം എൽ എ പറഞ്ഞു. സർക്കാറിനോടും മുഖ്യമന്ത്രിയോടുമുള്ള നന്ദിയും കടപ്പാടും നിലമ്പൂരിലെ ജനങ്ങൾക്കായി അറിയിക്കുന്നുവെന്നും എം എൽ എ തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്.

എം എൽ എയുടെ ഫെയ്സ്ബുക്കിന്റെ പൂർണ്ണരൂപം:

പ്രളയാനന്തരം ഈ സർക്കാർ
നിലമ്പൂരിൽ എന്ത്‌ ചെയ്തു?

മറുപടി ഇതാ..

നിലമ്പൂരിലെ പ്രളയ ബാധിത മേഖലയിൽ ഈ സർക്കാർ ഇത്‌ വരെ ചിലവഴിച്ചത്‌ 95 കോടി രൂപയാണ്..

2019 ആഗസ്റ്റിലുണ്ടായ പ്രളയ ദുരന്തത്തിൽ 65 പേരാണ് മരണപെട്ടത്.ഇതിൽ 59 പേരും കവളപ്പാറ ദുരന്തത്തിൽ മരണപ്പെട്ടവരാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി നാല് ലക്ഷം വീതം 65 കുടുംബത്തിന് 2 കോടി 60 ലക്ഷം വിതരണം ചെയ്തു.

പ്രളയത്തിൽ വീടുകളിൽ വെള്ളം കയറി നാശം നേരിട്ടവർക്ക് 39 കോടി വിതരണം ചെയ്തു.ഭൂമിയും വീടും നഷ്ടമായവർക്ക് 37 കോടി 44 ലക്ഷമാണ് നൽകിയത്.

68 ക്യാമ്പുകളാണ് പ്രവർത്തിച്ചിരുന്നത്.
5760 കുടുംബങ്ങളിലേതായി 25000 ആളുകൾ പ്രളയസമയത്ത്‌ ഈ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നു.68 ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 5760 പേർക്ക് 10,000 രൂപ വീതം,5 കോടി 76 ലക്ഷം നൽകി.

വീട് 75 ശതമാനത്തിലധികം തകർന്ന 456 ഗുണഭോക്താക്കൾക്ക് നാല് ലക്ഷം വീതം 18 കോടി 24 ലക്ഷം നൽകി.

ഭൂമി നഷ്ടപ്പെട്ട 322 കുടുംബങ്ങൾക്ക് ആറ് ലക്ഷം വീതം 19 കോടി 20 ലക്ഷം നൽകി.

പ്രളയത്തിൽ വീടിന് 60 ശതമാനം മുതൽ 74 ശതമാനം വരെ നാശം സംഭവിച്ചവർക്ക് രണ്ടര ലക്ഷം വീതം 148 പേർക്ക് 3 കോടി 70 ലക്ഷം നൽകി.

വീടിന് 30 ശതമാനം മുതൽ 59 ശതമാനം വരെ നാശം നേരിട്ടവർക്ക് ഒന്നര ലക്ഷം വീതം 530 പേർക്ക് 7 കോടി 95 ലക്ഷം നൽകി.

വീടിന് 16 ശതമാനം മുതൽ 29 ശതമാനം വരെ നാശം നേരിട്ടവർക്ക് 60,000 വീതം 3360 പേർക്ക് 20 കോടി 16 ലക്ഷം നൽകി.

വീടിന് 15 ശതമാനം നാശം നേരിട്ട 2270 പേർക്ക് 10,000 വീതം 2 കോടി 27 ലക്ഷം നൽകി.

വീടിനകത്ത് വെള്ളം കയറി, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട 4935 പേർക്ക് 10,000 വീതം 4 കോടി 93 ലക്ഷവും നൽകി.

ഗുണഭോക്താക്കൾക്ക് സർക്കാർ നൽകിയ ധനസഹായം മാത്രമാണിത്.

പ്രളയത്തിൽ തകർന്ന 80 റോഡുകളുടെ പുന:നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി 45 ലക്ഷം രൂപയും ഈ സർക്കാർ നിലമ്പൂരിൽ അനുവദിച്ചിട്ടുണ്ട്‌.

പലർക്കും പ്രളയത്തിൽ രേഖകൾ പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു.സാങ്കേതിക കാരണങ്ങൾ തടസ്സമാകാതെ,വളരെ വേഗത്തിൽ തുക കൈമാറാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.പേര് നൽകിയതിലെ വിത്യാസം,ബാങ്ക് അക്കൗണ്ടിലെ അവ്യക്തത,മരണപ്പെട്ട കുടുംബങ്ങളിലെ അവകാശ തർക്കം എന്നിവ കാരണം ചുരുക്കം ചിലർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട്‌.

പ്രളയത്തിൽ തകർന്ന റോഡ്,പാലം എന്നിവക്ക് ഫണ്ട് അനുവദിച്ച് നിർമാണം നടന്ന് വരികയാണ്.ക്യാമ്പുകളുടെ പ്രവർത്തനത്തിനും വലിയ തുകയാണ് സർക്കാർ ചിലവഴിച്ചത്‌.കവളപ്പാറ ട്രൈബൽ കോളനിയിലെ 31 കുടുംബങ്ങൾക്ക്‌ പോത്തുകല്ലിലെ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് ഒരുക്കിയത്.പത്ത് ലക്ഷത്തോളം രൂപയാണ് വിവിധയിനങ്ങളിൽ പോത്തുകല്ലിലെ ഈ ക്യാമ്പിൽ ഇത്‌ വരെ ചിലവഴിച്ചത്‌.

ഒരു സർക്കാരിന് നടപ്പിലാക്കാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനകീയ സർക്കാർ,പ്രളയാനന്തരം നിലമ്പൂരിൽ നടപ്പിലാക്കിയിട്ടുണ്ട്‌.

നിലമ്പൂരിലെ ജനങ്ങൾക്ക്‌ വേണ്ടി ഈ സർക്കാരിനോടും ബഹു:മുഖ്യമന്ത്രിയോടുമുള്ള നന്ദിയും കടപ്പാടും ഈ വേളയിൽ അറിയിക്കുന്നു..

നന്ദി..❤
അഭിവാദ്യങ്ങൾ..❤

Sharing is caring!