​ഗോകുലം കേരളയുടെ ആദ്യ സീസണിലെ സഹ പരിശീലകൻ കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: ​ഗോകുലം കേരള ഫുട്ബോൾ ക്ലബിന്റെ മുൻ സഹ പരിശീലകൻ കോവിഡ് ബാധിച്ച് മരിച്ചു. ​ഗോകുലം കേരളയോടൊപ്പം ആദ്യ സീസണിൽ ഉണ്ടായിരുന്ന സഹ പരിശീലകൻ മുഹമ്മദ് അലൗഷ് (44) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.

ഈജിപ്ത് സ്വദേശിയായ ഇദ്ദേഹത്തിന്റെ അമ്മയും കോവിഡ് ബാധിച്ച് മൂന്ന് ദിവസം മുമ്പ് മരിച്ചിരുന്നു. ​ഗോകുലം കേരളയുടെ ആദ്യ സീസണിൽ കോച്ച് ബിനോ ജോർജിന്റെ സഹ പരിശീലകനായാണ് ഇദ്ദേഹം നിയമിതനാകുന്നത്. ആ സീസൺ അവസാനത്തോടെ അദ്ദേഹം ക്ലബ് വിടുകയും ചെയ്തു. ലിബിയ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം പരിശീലകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഈജിപ്ത്യൻ ക്ലബായ ടാന്റ എഫ് സിയുടെ പരിശീലകനായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം ഇദ്ദേഹത്തെ തട്ടിയെടുത്തത്.

നല്ലൊരു സുഹൃത്തിനെയാണ് അലൗഷിയുടെ മരണത്തോടെ നഷ്ടമായതെന്ന് ​ഗോകുലം കേരള എഫ് സിയുടെ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് സ്പോർട്സ് സ്റ്റാറിനോട് പ്രതികരിച്ചു. കേവലം ഒരാഴ്ച്ച മുമ്പാണ് അദ്ദേഹം ഈജിപ്തിൻ നിന്ന് ബിനോയെ വിളിച്ചത്. താനും, കുടുംബവും കോവിഡ് ബാധിച്ച് ചികിൽസയിലാണെന്ന് അലൗഷ് പറഞ്ഞിരുന്നു. അദ്ദേഹത്തെ പോലെ ശാരീരിക ക്ഷമതയുള്ള ഒരാൾ കോവിഡ് ബാധിച്ച് മരിക്കുക എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിനോ കൂട്ടിച്ചേർത്തു.

Sharing is caring!