ഏറനാട് മണ്ഡലത്തിലെ പ്രവാസികൾക്ക് പലിശ രഹിത ലോൺ ലഭ്യമാക്കും: പി കെ ബഷീർ, പ്രവാസികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി

ഏറനാട് മണ്ഡലത്തിലെ പ്രവാസികൾക്ക് പലിശ രഹിത ലോൺ ലഭ്യമാക്കും: പി കെ ബഷീർ, പ്രവാസികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി

എടവണ്ണ: പ്രവാസികൾക്ക് പലിശ രഹിത ലോണുകൾ മണ്ഡലത്തിലെ സർവീസ് സഹകരണ ബാങ്കുകൾ വഴി ലഭ്യമാക്കുമെന്ന് പി കെ ബഷീർ എം എൽ എ. നവംബർ ഒന്നാം തിയതിക്ക് ശേഷം വന്ന് തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കും, ​ഗൾഫിലുള്ളവർക്കും ഉപാധികളോടെ 25,000 രൂപ മുതൽ 50,000 രൂപ വരെ ലോൺ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഖത്തർ, യു.എ.ഇ, ബഹറൈൻ, ഒമാൻ, ഖുവൈത്ത്, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, മക്ക എന്നീ രാജ്യങ്ങളിലെ പ്രവാസികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലെ ഏറനാട് മണ്ഡലം കെ എം സി സി നേതൃത്വവുമായും, പ്രവാസി സുഹൃത്തുക്കളുമായുമാണ് പി കെ ബഷീർ എം എൽ എ കോവിഡ് 19 സ്ഥിതി​ഗതികൾ വിലയിരുത്തിയത്. ​ഗർഭിണികളായവരേയും, വിസിറ്റിങ് വിസയ്ക്ക് എത്തിയവരേയും, വിസ കാലാവധി കഴിഞ്ഞവരേയും, ജോലി നഷ്ടമായവരേയും നാട്ടിലേക്കെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എം എൽ എ പറഞ്ഞു.

പ്രവാസികളുടെ കാര്യങ്ങളിൽ മുസ്ലിം ലീ​ഗ് നേതൃത്വം എല്ലാവിധ ശ്രദ്ധയും ചെലുത്തുന്നുണ്ട്. നിരന്തരമായ സമ്മർദം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ചെലുത്തി വേണ്ടത് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് എം എൽ എ പറഞ്ഞു. നവംബർ ഒന്നാം തിയതിക്ക് മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോകാൻ കഴിയാത്ത ആളുകളാണെങ്കിൽ കുഴിമണ്ണ, കാവനൂർ, എടവണ്ണ, അരീക്കോട് സർവീസ് സഹകരണ ബാങ്കുകൾ വഴി ലോൺ ലഭ്യമാക്കും. 25,000 രൂപ മുതൽ 50,000 രൂപ വരെ പലിശ രഹിത വായ്പയാണ് ലഭ്യമാക്കുക. വിദേശത്തുള്ളവരുടെ ബന്ധുക്കൾക്ക് ലോൺ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്.

കെ എം സി സി ചെയ്യുന്ന കോവിഡ് കാല പ്രവർത്തനങ്ങളെ പി കെ ബഷീർ അഭിനന്ദിച്ചു. നാട്ടിലെ കുടുംബങ്ങളെ കുറിച്ചോർത്ത് നിങ്ങൾ വേവലാതി പെടണ്ട, അവർക്ക് വേണ്ട എല്ലാ സഹായവും ഇവിടെ ലഭ്യമാക്കുമെന്ന് എം എൽ എ പ്രവാസികളോട് പറഞ്ഞു.

ജോലി സ്ഥലത്തും, താമസ സ്ഥലത്തും നേരിടുന്ന ബുദ്ധിമുട്ടുകൾ പ്രവാസികൾ എം എൽ എയോട് പങ്കുവെച്ചു. ഒരുമിച്ച് ചെറിയൊരു മുറിയിൽ കഴിയുന്നത് മൂലമുള്ള ഭീഷണിയും, മതിയായ ചികിൽസ ലഭ്യമാകുന്നതിനുള്ള കാലതാമസവും അവർ എം എൽ എയെ അറിയിച്ചു. പ്രവാസികൾ തിരിച്ചെത്തുകയാണെങ്കിൽ വേണ്ട എല്ലാ സൗകര്യവും ഏറനാട് മണ്ഡലത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു.

Sharing is caring!