വൈറ്റ് ഗാര്‍ഡ് അടക്കം നടത്തുന്ന കൊറോണ സന്നദ്ധ സേവനത്തെ ‘പുച്ഛിച്ച്’ മന്ത്രി കെ ടി ജലീല്‍

വൈറ്റ് ഗാര്‍ഡ് അടക്കം നടത്തുന്ന കൊറോണ സന്നദ്ധ സേവനത്തെ ‘പുച്ഛിച്ച്’ മന്ത്രി കെ ടി ജലീല്‍

മലപ്പുറം: കൊറോണ കാലത്ത് മുസ്ലിം യൂത്ത് ലീഗിന് കീഴിലുള്ള വൈറ്റ് ഗാര്‍ഡ് അടക്കമുള്ള സന്നദ്ധ സംഘടനകളെ ‘പുച്ഛിച്ച്’ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. കൊറോണ വൈറസ് ഏതെങ്കിലും കുപ്പായക്കാരുടെ ശരീരത്തില്‍ കയറില്ലെന്നുണ്ടോ? ഏതെങ്കിലും നിറത്തിലുള്ള കുപ്പായമിട്ടവരെയോ കൊടിപിടിച്ചവരെയോ ടീ ഷര്‍ട്ടിട്ടവരെയോ കണ്ടാല്‍ കൊറോണ ഓടിയൊളിക്കുമെന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടോ? ഇനി അങ്ങിനെ വല്ല ‘വിദ്യ’യും ഏതെങ്കിലും പേരെഴുതിയ കുപ്പായക്കാരുടെ കയ്യില്‍ ഉണ്ടെങ്കില്‍ ആ ‘വിദ്യ’ ജില്ലാ ഭരണകൂടത്തിനൊന്ന് കൈമാറിയാല്‍ വലിയ ഉപകാരമാകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വൈറ്റ് ഗാര്‍ഡിന്റെ മെഡി ചെയിന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതിനെതിരെ വന്‍ തോതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. കൊടിയും, വടിയും എടുത്തുള്ള സാമൂഹ്യ സേവനം വേണ്ടെന്ന് അദ്ദേഹം പറയുന്നു.

സി.എച്ച് സെന്റെറിന്റെ ഉടമസ്ഥതയിലുള്ള നൂറ് ആംബുലന്‍സുകള്‍ ഡ്രൈവര്‍മാരോട് കൂടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പിച്ച സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മാതൃക പിന്തുടര്‍ന്ന് ഏതെങ്കിലും സംഘടനകളുടെ കയ്യില്‍ മരുന്നോ മറ്റു സാധനങ്ങളോ ഉണ്ടെങ്കില്‍ അവ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് കരണീയം. അവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു കൊള്ളുമെന്ന് മന്ത്രി പറയുന്നു.

പൊതു നന്മക്കു വേണ്ടിയാണിത്. ആരും കോപിക്കരുത്. കുപ്രചരണങ്ങള്‍ അഴിച്ചു വിടുകയും അരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം

കൊടിയും വടിയുമെടുത്തുള്ള സാമൂഹ്യ സേവനം വേണ്ട:
—————————————-
സന്നദ്ധ സേവനം ആത്മാർത്ഥമാണെങ്കിൽ അതിന് കൊടിയും വടിയും കുപ്പായവും ലേബലുമൊന്നും പ്രത്യേകമായി ഉണ്ടാവേണ്ടതില്ല. അത് നിർബന്ധമാണെന്ന് ശഠിക്കുന്നവരുടെ താൽപര്യം മറ്റെന്തോ ആണ്. എല്ലാ സേവനങ്ങളും സർക്കാർ സംവിധാനത്തിനു കീഴിൽ ഏകോപിച്ചാണ് കൊറോണ പ്രതിരോധ പ്രവർത്തനം കേരളത്തിൽ നടക്കുന്നത്. പ്രാദേശിക തലത്തിൽ അതിന് നേതൃത്വം നൽകുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളുമാണ്. വെള്ളപ്പൊക്കം, ഭൂമികുലുക്കം, മണ്ണിടിച്ചിൽ എന്നിവ പോലെയുള്ള ഒരു ദുരന്തമല്ല കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകം അഭിമുഖീകരിക്കുന്ന ഭീഭൽസമായ പ്രശ്നം. ഇതൊരു മഹാമാരി വിതച്ച ദുരന്തമാണ്. പ്രവർത്തനങ്ങളുടെ ഏകോപനമാണ് ഈ ദുരന്തമുഖം മറികടക്കാനുള്ള ഫലപ്രദമായ വഴി. അതല്ലെങ്കിൽ കോവിഡിൻ്റെ വ്യാപനം തടയാനാവില്ല. നമ്മളിലൂടെ ഒരാൾക്കും ഈ മാരക രോഗം പടരില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഓരോ സന്നദ്ധ പ്രവർത്തകനും ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. ഇതിന് പരമാവധി പൊതു ജന സമ്പർക്കം ഒഴിവാക്കുകയാണ് വേണ്ടത്. കൊറോണ വൈറസ് ഏതെങ്കിലും കുപ്പായക്കാരുടെ ശരീരത്തിൽ കയറില്ലെന്നുണ്ടോ? ഏതെങ്കിലും നിറത്തിലുള്ള കുപ്പായമിട്ടവരെയോ കൊടിപിടിച്ചവരെയോ ടീ ഷർട്ടിട്ടവരെയോ കണ്ടാൽ കൊറോണ ഓടിയൊളിക്കുമെന്ന ധാരണ ആർക്കെങ്കിലുമുണ്ടോ? ഇനി അങ്ങിനെ വല്ല ‘വിദ്യ’ യും ഏതെങ്കിലും പേരെഴുതിയ കുപ്പായക്കാരുടെ കയ്യിൽ ഉണ്ടെങ്കിൽ ആ ‘വിദ്യ’ ജില്ലാ ഭരണകൂടത്തിനൊന്ന് കൈമാറിയാൽ വലിയ ഉപകാരമാകും.

രാഷ്ട്രീയ ബോധത്തിലും പ്രവർത്തനത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മതസംഘടനകൾക്കും അവരവരുടെ സന്നദ്ധ വിഭാഗങ്ങളുണ്ട്. എല്ലാവരും കൂടി ഓരോരുത്തരുടെയും യൂണിഫോമിട്ട് ‘സേവനം’ നടത്താൻ റോട്ടിലിറങ്ങിയാൽ എന്താവും സ്ഥിതി. സാമൂഹ്യ അകലം പാലിക്കണമെന്ന പൊതു നിർദ്ദേശം ലംഘിക്കപ്പെടുന്ന സാഹചര്യമാകും ജില്ലയിലെങ്ങും ഉണ്ടാവുക. കൊണ്ടോട്ടി ഭാഗത്ത് നിന്ന് ഒരാൾ എന്നെ വിളിച്ചു പറഞ്ഞതിങ്ങിനെയാണ്; “എനിക്ക് ഉച്ച ഭക്ഷണവുമായി പ്രത്യേക നിറത്തിലുള്ള കുപ്പായമിട്ട മൂന്നുനാലു പേർ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണെന്ന് പറഞ്ഞ് വന്നിരുന്നു. ഭക്ഷണപ്പൊതി തന്ന് ‘നക്കിക്കോ’ എന്നും പറഞ്ഞാണ് അവർ പോയത്. അവരുടെ പാർട്ടിക്കാരനല്ല ഞാനെന്നുള്ളത് കൊണ്ടാണ് ഇത്തരമൊരനുഭവം ഉണ്ടാകാനിടയായത്”. സമാന പരാതികൾ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ജില്ലാ അധികൃതർക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ കുടുംബശ്രീകളുടെ മേൽനോട്ടത്തിൽ പ്രവർത്തനക്ഷമമായ പൊതു അടുക്കള ജനങ്ങളുടേതാണ്. അല്ലാതെ ഒരു പാർട്ടിയുടേതുമല്ല. ഇത്തരമൊരു പശ്ചാതലത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പോലീസ് അംഗീകാരത്തോടെ ഓരോ വാർഡിൽ നിന്നും മൂന്നുവീതം തെരഞ്ഞെടുക്കപ്പെട്ട പൊതു വോളണ്ടിയർമാർ കൊടിയും വടിയും നിറവുമില്ലാതെ ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും വേണ്ടവർക്ക് എത്തിക്കലുൾപ്പടെയുള്ള സന്നദ്ധ സേവനം നടത്തട്ടേ എന്ന് തീരുമാനിച്ചത്. സി.എച്ച് സെൻ്റെറിൻ്റെ ഉടമസ്ഥതയിലുള്ള നൂറ് ആംബുലൻസുകൾ ഡ്രൈവർമാരോട് കൂടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിനെ ഏൽപിച്ച സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മാതൃക പിന്തുടർന്ന് ഏതെങ്കിലും സംഘടനകളുടെ കയ്യിൽ മരുന്നോ മറ്റു സാധനങ്ങളോ ഉണ്ടെങ്കിൽ അവ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് കരണീയം. അവർ ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തു കൊള്ളും.

പൊതു നന്മക്കു വേണ്ടിയാണിത്. ആരും കോപിക്കരുത്. കുപ്രചരണങ്ങൾ അഴിച്ചു വിടുകയും അരുത്.
“>

Sharing is caring!