തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കണമെന്ന് ലെന്‍സ്‌ഫെഡ്

തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കണമെന്ന് ലെന്‍സ്‌ഫെഡ്

മലപ്പുറം: കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എഞ്ചിനിയെര്‍സ് ആന്റ് സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍) മലപ്പുറം കമ്മിറ്റി. കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കി അപേക്ഷകരുടെ ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

സംസ്ഥാനത്തെ തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു കെട്ടിട നിര്‍മ്മാണ അനുമതിയ്ക്ക് കാലതാമസം നേരിടുന്നത് ആളുകളെ ബുദ്ദിമുട്ടിക്കുന്ന വിഷയമാണ്. കെട്ടിട നിര്‍മ്മാണ അനുമതിയ്ക്കായി പ്ലാന്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 15 ദിവസം കൊണ്ട് തീര്‍പ്പാക്കണമെന്നുണ്ട്. എന്നാല്‍ അനാവശ്യമായ കാരണങ്ങള്‍ പറഞ്ഞ് നോട്ടീസുകളയച്ച് അതു ശരിയായാല്‍ അടുത്ത ന്യൂനത കാട്ടി ഇതു തുടരുന്ന ഒരു രീതിയാണ് ഈ രംഗത്തുള്ളത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാല്‍ എന്‍ ഒ സി ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പണ സംവിധാനം ന്യൂനതകള്‍ പരിഹരിച്ച് നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥ തലത്തില്‍നിന്നുള്ള അനാസ്ഥയും രാഷ്ട്രീയ ഇടപെടലുകളും അവസാനിപ്പിച്ചാല്‍ മാത്രമേ അഴിമതി അവസാനിക്കുകയുള്ളു എന്നും ലെന്‍സ്‌ഫെഡ് സെക്രട്ടറി കെ.ബി.സജി പറഞ്ഞു.

കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ പൊതുവികസനത്തിന് സഹായമാവും വിധം കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഏക കുടുംബവാസ ഗൃഹങ്ങള്‍ക്കുള്ള ഏകദിന പെര്‍മിറ്റുകള്‍ കാര്യക്ഷമമാക്കണം, സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് നടപ്പില്‍ വരുത്തുക, സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സികളുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു മറ്റ് ആവശ്യങ്ങള്‍.

ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ വരുന്ന ഭേദഗതികളെ കുറിച്ച് ധാരണകളില്ലാതെ നിയമങ്ങളെ വക്രീകരിക്കുകയാണ്.സെക്രട്ടറിയുടെ അധികാരത്തിലുള്ള കാര്യങ്ങള്‍ പോലും ചെയ്യാതെ ഉദ്യോഗസ്ഥര്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കാലതാമസം വരുത്തി ആളുകളെ ബുദ്ധിമുട്ടിക്കുകയാണെന്നും ലെന്‍സ്‌ഫെഡ് ട്രഷറര്‍ ഷിബു കറിയാക്കോട്ടില്‍ പറഞ്ഞു.

Sharing is caring!