മലപ്പുറത്ത് കനത്തമഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മലപ്പുറത്ത് കനത്തമഴയ്ക്ക് സാധ്യത;  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.ഇതേതുടര്‍ന്ന പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 വരെ സെന്റീമീറ്റര്‍ മഴ ലഭിക്കാം
ഒക്ടോബറില്‍ എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന തുലാവര്‍ഷം നവംബര്‍ ആദ്യ വാരത്തിന് ശേഷം ശക്തമായേക്കും. നിലവില്‍ തമിഴ്‌നാട്ടില്‍ തുലാമഴ എത്തിക്കഴിഞ്ഞു. തമിഴ്‌നാടിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായിരിക്കുന്ന തുലാമഴ നവംബര്‍ രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കു കൂട്ടല്‍.

കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഇത് ആദ്യമായിട്ടാണ് തുലാവര്‍ഷം കേരളത്തില്‍ ഇത്രയും വൈകുന്നത്. തിത്‌ലി ചുഴലിക്കാറ്റിന്റെ ശക്തി ഇല്ലാതായെങ്കിലും, ബംഗാള്‍ ഉള്‍ക്കടലില്‍ പതിവില്ലാത്ത വിധം രൂപം കൊള്ളുന്ന ചെറു ന്യൂനമര്‍ദങ്ങള്‍ കാറ്റിന്റെ ദിശയില്‍ മാറ്റം വരുത്തുന്നതാണ് കേരളത്തിലേക്ക് തുലാമഴ എത്തുന്നത് വൈകിപ്പിക്കുന്നത്.

ഇത്തവണ 480 മില്ലി മീറ്റര്‍ മഴ തുലാവര്‍ഷത്തില്‍ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൃഷ്ടിപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ മഴ ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറയും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാമഴ ലഭിക്കേണ്ടത്. എന്നാല്‍ മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെടാത്തത് സംസ്ഥാനത്ത് ചൂട് കൂടുന്നതിനാണ് ഇപ്പോള്‍ ഇടയാക്കുന്നത്. മാത്രമല്ല, വടക്കു കിഴക്ക് നിന്നും തെക്കുപടിഞ്ഞാറേക്ക് വീശുന്ന വരണ്ട കാറ്റും ചൂട് കൂട്ടുന്നു.

മഹാപ്രളയമുണ്ടാക്കിയ എടവപ്പാതിക്കാലത്ത് കേരളത്തില്‍ 23.34 ശതമാനം മഴയാണ് അധികം കിട്ടിയത്. 2039.6 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2515.73 മില്ലീമീറ്റര്‍ മഴ പെയ്തു. ഇടുക്കിയിലാണ് കൂടുതല്‍. 66.8 ശതമാനം അധികം. പാലക്കാട് 51.27 ശതമാനം മഴ കൂടുതല്‍ കിട്ടി.

Sharing is caring!