യാചകയായി വന്ന് യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചു കടന്ന സ്ത്രീ പിടിയില്‍

വേങ്ങര: യാചകയായെത്തി യുവതിയുടെ കഴുത്തിലണിഞ്ഞ അഞ്ചു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. വലിയോറ പരപ്പില്‍ പാറ ചെള്ളി അഹമ്മദ് കുട്ടിയുടെ മകന്‍ റജുലിന്റ ഭാര്യയുടെ കഴുത്തിലണിഞ്ഞ മാലയാണ് പൊട്ടിച്ചത്.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അഹമ്മദ് കുട്ടിയുടെ വീടിലെത്തിയ 60 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് കവര്‍ച്ചാ ശ്രമം നടത്തിയത്.വീട്ടുടമയുടെ മാതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. ഇതിനാല്‍ വീട്ടുകാരെല്ലാവരും ആശുപത്രിയിലായിരുന്നു. ഒരു കല്യാണത്തില്‍ പങ്കെടുക്കാനായാണ് റജുല്‍ ഭാര്യയുമൊത്ത് വീട്ടിലെത്തിയത്.ഭാര്യയെ വീട്ടിലാക്കി റജുല്‍ കല്യാണ വീട്ടിലേക്ക് പോയ സമയത്ത് യാചകവേഷത്തിലെത്തിയ സ്ത്രീക്ക് യുവതി 10 രൂപ നല്‍കി തുടര്‍ന്നും പോകാതിരുന്നതിനെ തുടര്‍ന്ന് 100 രൂപ നല്‍കി ഈ സമയത്ത് യുവതിയുടെ കഴുത്തിലണിഞ്ഞ മാല പൊട്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാര്‍ സ്ത്രീയെ പിന്‍തുടര്‍ന്ന് പിടികൂടി മാല കണ്ടെടുക്കുകയും സ്ത്രീയെ വേങ്ങര പോലീസിലേല്‍പിക്കുകയും ചെയ്തു .ഇവര്‍ കക്കാട് താമസമാണെന്നും, ബംഗളൂരു സ്വദേശിയാണെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.കേസുമായി പോകാന്‍ താല്പര്യമില്ലാത്തതിനാല്‍ കേസെടുക്കേണ്ടതില്ലെന്ന് പോലീസിനെ അറിയിച്ചതായും ഇവര്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *