ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും വിമര്‍ശിച്ച് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും  വിമര്‍ശിച്ച് സമസ്ത പ്രസിഡന്റ്  ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

 

മലപ്പുറം: മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത കോഴിക്കോട് നടത്തിയ നടത്തി ശരീഅത്ത് സമ്മേളനത്തില്‍
ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും വിമര്‍ശിച്ച് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയമങ്ങള്‍ വരുമ്പോള്‍ മൂന്‍കാമികള്‍ ശബ്ദിച്ചതുപോലെ ലീഗ് നേതാക്കളും കുഞ്ഞാലിക്കുട്ടിയും ശബ്ദിക്കണമെന്ന്
കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി ജിഫ്‌രി തങ്ങള്‍ ആവശ്യപ്പെട്ടു.
നമുക്കുവേണ്ടി ശബ്ദിക്കേണ്ടവരാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ള ലീഗ് നേതാക്കള്‍. ഇവര്‍ പാര്‍ലിമെന്റില്‍ ഇവരുടെ മൂന്‍കാമികള്‍ ശബ്ദിച്ചതുപോലെ ശബ്ദിക്കണം. അതാണ് സമസ്തക്ക് ലീഗിനോടും നേതാക്കളോടും പറയാനുള്ളത്. ബനാത്ത്‌വാല, സേട്ടുസാഹിബ് അടക്കമുള്ളവര്‍ പാര്‍ലിമെന്റുകളില്‍ ശബ്ദിച്ചു. ആ ശബ്ദത്തിന്റെ ഗുണഫലങ്ങള്‍ നമ്മള്‍ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ചെറിയ ഡോസാണ ഇപ്പോള്‍ നല്‍കുന്നതെന്നും ഇതിലും വലുത് പിറകെ വരുമെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

ശരീഅത്ത് സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ്
മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം താഴെ

സാംസ്‌കാരിക മികവും സംരക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും അത് സംരക്ഷിക്കാന്‍ ജുഡീഷ്യറിക്കും കേന്ദ്രസര്‍ക്കാരിനും തുല്യ ബാധ്യതയുണ്ട്. ധാര്‍മികതയും സദാചാരവും നില നിര്‍ത്താനാണ് എല്ലാ മത നേതാക്കളും പ്രവര്‍ത്തിക്കുന്നത്. മത വിശ്വാസികളല്ലാത്ത ഭരണാധികാരികള്‍ പോലും അതുള്‍ക്കൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.

മുത്തലാഖിന്റെ പേരില്‍ കെട്ടുകഥകളുണ്ടാക്കി ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ഇന്ത്യന്‍ പ്രസിഡന്റിന്റെ നടപടി ദുരുദ്ദേശപരമാണ്. ഭരണഘടന ഇന്ത്യന്‍ പ്രസിഡന്റിനു നല്‍കുന്ന അധികാരത്തിന്റെ ദുര്‍വിനിയോഗവുമാണിത്. ഇതിലൂടെ ഒരു പ്രത്യേക മതവിഭാഗത്തെ എല്ലാ നിലയിലും അടിച്ചൊതുക്കി മുന്നോട്ട് പോകാനും രാജ്യത്തെ വളരെ കൂടുതല്‍ പിറകോട്ട് കൊണ്ടുപോകാനുമാണ് ശ്രമിക്കുന്നത്. ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വകവച്ചു നല്‍കുന്ന മത സ്വാതന്ത്രത്തില്‍ അധിഷ്ടിതമായ കാര്യങ്ങള്‍ക്ക് കേന്ദ്ര ഭരണകൂടവും ജുഡീഷ്യറിയും തടസ്സം നില്‍ക്കുക എന്നത് അത്യധികം അപകടകരവും ഭരണഘടനാ ലംഘനവുമാണ്. മുത്തലാഖ് ഇസ്ലാമികമാണ്. അത് ഖുര്‍ആനും നബിവചനവും മദ്ഹബിന്റെ പണ്ഡിതന്‍മാരും അംഗീകരിച്ചു നടപ്പിലാക്കിയ നിയമമാണ്. ദൗര്‍ഭാഗ്യവശാല്‍ സുപ്രിം കോടതിയില്‍ നിന്നും 22.08.2017ന് ശായിറാബാനു എന്ന സ്ത്രീയും മറ്റു 5 പേരും നല്‍കിയ കേസില്‍ മുത്തലാഖ് എന്ന വിധി പറയുകയുണ്ടായി.

മുത്തലാഖ് ഇസ്്ലാമികമല്ലെന്ന സുപ്രിംകോടതിയുടെ കണ്ടെത്തല്‍ പ്രബലമായ രേഖകളുടെ പിന്‍ബലമില്ലാത്തതാണ്. ഖുര്‍ആനും നബിവചനങ്ങളും ആഴത്തില്‍പഠിച്ച പണ്ഡിതന്‍മാര്‍ തീര്‍പ്പു കല്‍പിച്ച് എഴുതിവച്ച മതഗ്രന്ഥങ്ങളെയാണ് ജഡ്ജിമാര്‍ അവലംബിക്കേണ്ടിയിരുന്നത്. മുത്തലാഖിന് നിയമ സാധുതയില്ല എന്നതാണ് സുപ്രികോടതി വിധിയുടെ സാരം. പക്ഷേ ഇതിന് ശേഷം 19.09.2018ന് ഇന്ത്യന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് മുസ്ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ മാരേജ്) ഓര്‍ഡിനന്‍സ്2018 വളരെയധികം ദുരുദ്ദേശപരവും ഭരണഘടനയുടെ അനുഛേദം 14 വിഭാവനം ചെയ്യുന്ന തുല്യതക്ക് എതിരുമാണ്.

ഈ ഓര്‍ഡിനന്‍സ് പ്രാകാരം ഒരു മുസ്ലിം ഭര്‍ത്താവിനെ കുറിച്ച് ഭാര്യയോ ഭാര്യയുടെ ബന്ധുക്കളോ മുത്ത്വലാഖ് ചെയ്യുന്നതായി കേട്ടു എന്ന് പരാതി പറഞ്ഞാല്‍ അതിന്റെ സത്യാവസ്ഥ പോലും കേള്‍ക്കാതെ മുസ്ലിം ഭര്‍ത്താവിനെ നേരെ ജയിലില്‍ അടക്കുകയാണ് ചെയ്യുന്നത്. ഭര്‍ത്താവിനെ ജയിലടച്ചതിന് ശേഷം ഭാര്യയുടെ സൗകര്യത്തിനനുസരിച്ച് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാകുകയും ഭാര്യയെ കേട്ടതിന് ശേഷം മാത്രം ഭര്‍ത്താവിന് ജാമ്യം നല്‍കണോ വേണ്ടയോ എന്ന് മജ്സ്ട്രേറ്റിനു തീരുമാനിക്കാനാവൂ. ഇത് വളരെയധികം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണ്. ഇത് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ടാഡ, പോട്ട തുടങ്ങിയ നിയമങ്ങള്‍ പോലെ മുസ്ലിം വിരുദ്ധത മാത്രം ലക്ഷ്യം വച്ചതാണ്. മുത്തലാഖ് ഓര്‍ഡിനന്‍സ് മുസ്ലിം സമുദായത്തിലെ പുരുഷന്മാരെ വ്യാപകമായി ജയിലിലടക്കപ്പെടുന്നതിനും മുന്‍കാലങ്ങളില്‍ ടാഡ, പോട്ട തുടങ്ങിയ കരി നിയമങ്ങള്‍ പോലെ രാജ്യത്താകമാനം ദുരുപയോഗം ചെയ്യപ്പെടുന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ആള്‍ക്കൂട്ട കൊലപാതകം, മുസ്ലിംകള്‍ക്കും പിന്നോക്ക ഹിന്ദുവിഭാഗങ്ങള്‍ക്കും രാജ്യത്ത്ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം എന്നിവ നിലനില്‍ക്കുന്നതിനിടയിലാണ് വ്യക്തമായ സ്ഥിതി വിവരകണക്കിന്റെ പിന്‍ബലം പോലുമില്ലാതെ ധൃതിപിടിച്ച് ഇന്ത്യന്‍ പ്രസിഡന്റ് മുത്തലാഖ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. മുത്തലാഖ് ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 14 സമത്വം, 15 വിവേചനമില്ലായ്മ എന്നിവക്ക് എതിരാണ്. നിയമ വിധേയമല്ലാത്ത രീതിയില്‍ വിവാഹമോചനം നടത്തിയാല്‍ ഇന്ത്യാരാജ്യത്ത് മുസ്ലിംകള്‍ക്ക് മാത്രമാണ് ശിക്ഷ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മുത്തലാഖ് ഓര്‍ഡിനന്‍സ് പ്രകാരം മൂന്ന് വര്‍ഷമാണ് മുസ്്ലിം ഭര്‍ത്താക്കന്‍മാര്‍്ക്കുള്ള ജയില്‍ ശിക്ഷാ കാലാവധി. ജയിലില്‍ കിടക്കുന്ന ഭര്‍ത്താവ് സ്ത്രീക്കും കുട്ടികള്‍ക്കും എങ്ങനെയാണ് ചെലവിന് കൊടുക്കുക.

കുട്ടികളെ ഭാര്യയുടെ സംരംക്ഷണത്തില്‍ കൊടുക്കണം എന്ന് ഓര്‍ഡിനന്‍സ് പറയുന്നു. ഭര്‍ത്താവ് ജയിലില്‍ കഴിയുന്ന ഭാര്യക്ക് എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുക. ആയതിനാല്‍ ഈ ഓര്‍ഡിനന്‍സ് പ്രസിഡന്റ് ഭരണഘടന അദ്ദേഹത്തിന് നല്‍കുന്ന അധികാരം അനുഛേദം 123 (ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അധികാരം) ദുരുപയോഗം ചെയ്യുക വഴി പ്രാബല്യത്തില്‍ വന്നതാണ്. ഇതിനെതിരെ സമസ്ത സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം അവസാനം അതിന്റെ ആദ്യ ഹിയറിംഗ് ഉണ്ട്. മുസ്ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടും അല്ലാതെയും സമുദായത്തെ ബാധിക്കുന്ന നാല് കേസുകള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍ നടത്തിവരുന്നുണ്ട്.

റിട്ട് പെറ്റിഷന്‍ സിവില്‍ 372/2017 നമ്പര്‍ കേസില്‍ സ്വകാര്യത വ്യക്തിയുടെ അവകാശമാണ് എന്ന സുപ്രിംകോടതി വിധി രാജ്യത്തിന്റെ പൈത്ൃകവും പാരമ്പര്യവും തകര്‍ക്കുന്ന പുതിയ നിയമങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി പിന്‍ബലമാക്കുന്നത് അത്യന്തം അപകടമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു

രാജ്യത്തിന്റെ പൈതൃക പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തുന്നതിന് ചെറിയ രീതിയിലെങ്കിലും സഹായിച്ച നിയമങ്ങളാണ് ഐ.പി.സി 377ഉം 497ഉം. സിവില്‍ റിട്ട് പെറ്റീഷന്‍ 372/2017 ലെ വിധി പ്രകാരം സ്വകാര്യത വ്യക്തിയുടെ അവകാശമാണ് എന്ന സുപ്രിം കോടതിയുടെ കണ്ടെത്തലാണ് ഈ രണ്ടു വകുപ്പുകളും എടുത്ത് കളയുന്നതിന് വേണ്ടി ആധാരമാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുക എന്ന ദൗത്യം എല്ലാ ഇന്ത്യക്കാരും ഉള്‍ക്കൊണ്ടാല്‍ മാത്രമേ രാജ്യത്തിന് പുരോഗമനപരമായ ഭാവിയുണ്ടാകൂ. ഇത് അറിഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ ജുഡീഷ്വറിക്കും ബാധ്യതയുണ്ട്. സ്വവര്‍ഗ്ഗ രതിയും വ്യഭിചാരവും വ്യാപിക്കുക വഴി സാംസ്‌കാരിക അപചയമല്ലാതെ രാജ്യത്തിന് യാതൊരു നേട്ടവും അതുവഴി ഉണ്ടാകുന്നില്ല. വ്യഭിചാരം സ്വവര്‍ഗരതി തുടങ്ങിയവക്ക് യാതൊരു വിധ ശിക്ഷയും രാജ്യത്ത് ഇല്ല എന്നത് നമ്മുടെ രാജ്യത്തിന്റെ കുലീനമായ പൈതൃകത്തിന്റെ അപചയത്തിന് കാരണമാകും. മനുഷ്യന് സ്വകാര്യത അവന്റെ അവകാശമാണ്. പക്ഷെ ഇത്തരം കാര്യങ്ങളെ പ്രോല്‍ത്സാഹിപ്പിക്കുന്ന തരത്തില്‍ സാഹചര്യം ഒരുങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തില്‍ നിന്നും മാറി സഞ്ചരിക്കലാകും മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രകാരം ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കാം എങ്കിലും സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ വ്യാപകമാവുന്നത് സാമൂഹികമായ പല തിന്‍മകള്‍ക്കു കാരണമാകും എന്ന ആശങ്ക ഈ രാജ്യത്തെ ജുഡീഷ്യറിക്ക് മുന്‍പാകെ ബഹുമാനപൂര്‍വ്വം രേഖപ്പെടുത്തുന്നു.

ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രിം കോടതി വഖഫ് ഭൂമിയില്‍ നില കൊള്ളുന്ന പള്ളിയെ അത് ഉള്‍കൊള്ളുന്ന പവിത്രതയോടെ പരിഗണിച്ചില്ല എന്ന കാര്യവും പരാമര്‍ശ വിധേയമാക്കേണ്ടതുണ്ട്. ഒരു വഖഫ് ഭൂമി എപ്പോയും വഖഫ് ഭൂമി ആയിരിക്കും. പള്ളിയുടെ ഭൂമി യഥേഷ്ടം സര്‍ക്കാറിന് വേണ്ടി ഏറ്റെടുക്കുക എന്നത് ഇസ്ലാമിക ശരീഅത്ത് പ്രകാരവും ഇന്ത്യന്‍ വഖഫ് നിയമ പ്രകാരവും യോജിച്ചതല്ല. നിസ്‌കാരത്തിന് പള്ളി അനിവാര്യമാണോ എന്നത് ചര്‍ച്ച ചെയ്യുന്നതിനപ്പുറം പള്ളിയുടെ വിവിധങ്ങളായ പ്രാധാന്യത്തെ കുറിച്ച് കൂടി ജുഡീഷ്യറിയും മറ്റും മനസ്സിലാക്കേണ്ടതുണ്ട്. സുപ്രീം കോടതിയുടെ പരാമര്‍ശം ‘നിസ്‌കാരത്തിന് പള്ളി അനിവാര്യ ഘടകമല്ലേ’ എന്നത് പുനപരിശോധിക്കപ്പെടേണ്ടതാണ്. ഈ കേസ് ബാബരി പള്ളി കേസിനെ ബാധിക്കില്ല എന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും രാജ്യത്ത് ആരാധനാ സ്ഥലങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഈ പരാമര്‍ശം പ്രതികൂലമായി വരാന്‍ സാധ്യതയുണ്ട് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു

Sharing is caring!