കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചു: കുഞ്ഞാലിക്കുട്ടി

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണം
ജനങ്ങളെ പൊറുതിമുട്ടിച്ചതായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ ജനങ്ങള്‍ക്ക് ഒരു ശിക്ഷ ആവില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഏകാധിപത്യ പ്രവണതയോടു കൂടി നടപ്പിലാക്കിയ ആധാറിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കോടതി വിധി കേന്ദ്ര സര്‍ക്കാറിനുള്ള തിരിച്ചടിയാണെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മദ്യം എല്ലാനിലയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ വമ്പിച്ച അഴിമതി നടക്കാനുള്ള സാധ്യത വളരെ വലുതാണ്. കാലങ്ങളായി മാറിമാറി വന്ന സര്‍ക്കാറുകളൊന്നും ഇത്തരത്തില്‍ മദ്യം ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറായിട്ടില്ല.

ഒരു പോളിസിയുമില്ലാതെ സര്‍ക്കാര്‍ മദ്യം വ്യാപകമാക്കുകയാണ്. ഈ സമയത്ത് ഇത്തരമൊരു കാര്യം നടന്നത് ഒട്ടും ശരിയായില്ല. അഴിമതിയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. ഒരു സുതാര്യതയും ഉറപ്പുവരുത്താതെയാണ് ബീയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. റാഫാല്‍ അഴിമതി പോലെ തന്നെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് ഇതും. കേരളം ഭരണത്തില്‍ അമ്പേ പരാജയമാണെന്നും പ്രളയ ദുരിതാശ്വാസ ഫണ്ട് പോലും കൃത്യമായി അര്‍ഹര്‍ക്ക് നല്‍കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതിനെതിരെയെല്ലാം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കും. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചു. കേരളത്തിലെ പ്രളയത്തിന് ആഘാതം കൂട്ടിയത് ഡാമുകളുടെ തുറന്നുവിട്ടതില്‍ വന്ന അപാകതകള്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പണക്കാരേയോ താരപ്രഭയുള്ളവരേയോ മത്സരിപ്പിക്കുന്നത് എതിരാളികളുടെ സ്ഥിരം കാഴ്ച്ചയാണെന്നും അതിനെ നേരിടാനുള്ള ശക്തി യു.ഡി.എഫിന് ഉണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!