പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ ആഹ്വാനം

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ ആഹ്വാനം

മലപ്പുറം: ദുരിതാശ്വാസ രംഗത്തും, തുടര്‍ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ സജീവമാകാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരോടും, പൊതുജനങ്ങളോടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴ ദുരിതത്തില്‍ പെട്ടവരെ സന്ദര്‍ശിച്ച ശേഷമാണ് ഹൈദരലി തങ്ങള്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കേരളത്തിലെ ദുരിതം കണ്ട് സഹായ വാഗ്ദാനവുമായി രംഗതെത്തിയ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനേയും, മറ്റ് അറബ് ഭരണാധികാരികളേയും ഹൈദരലി തങ്ങള്‍ അഭിനന്ദിച്ചു. അവര്‍ക്ക് മലയാളികളോടുള്ള സ്നേഹവും, താല്‍പര്യവുമാണ് ഇതിലൂടെ കണ്ടതെന്ന് തങ്ങള്‍ പറഞ്ഞു. കുടിവെള്ളം പോലും ലഭിക്കാതെ കേരളത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ ആശങ്കയിലാണ്. ബന്ധുമിത്രാദികള്‍ ജീവനോടെ ഉണ്ടോയെന്ന് പോലും പലര്‍ക്കും നിശ്ചയമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളടക്കം വിറങ്ങലിച്ച് നില്‍ക്കുന്ന മേഖലകളില്‍ സേവനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരേയും, രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മല്‍സ്യത്തൊഴിലാളികളേയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുമോദിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരും, പോഷക സംഘടന അംഗങ്ങളും സജീവമായി രക്ഷാപ്രവര്‍ത്തനത്തിനും, ഭക്ഷണ വിതരണത്തിനും മുന്നിലുണ്ടെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. കൂടുതല്‍ പേരിലേക്ക് ഇനിയും സഹായം എത്തേണ്ടതുണ്ട്. വീടും, കൃഷിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ വന്‍ തുക ആവശ്യമുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

കേരളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ പാര്‍ട്ടി നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ് എന്നിവര്‍ ചര്‍ച്ച ചെയ്തു.

Sharing is caring!