അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം തുറന്നുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിലെ വെള്ളം അടിയന്തിരമായി ഒഴുക്കിവിടണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ രണ്ടാഴ്ചക്കകം പൂര്‍ണ്ണമായും വെള്ളം ഒഴുക്കിവിടണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുടെ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്കി. അനധികൃത തടയണക്കെതിരായ പരാതിക്കാരന് നിലമ്പൂര്‍ സ്വദേശി എം.പി വിനോദിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര് മരണപ്പെട്ട സംഭവം ചൂണ്ടികാട്ടിയാണ് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്കാന് എം.എല്‍.എയുടെ തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ പരാതിക്കാരന് തന്നെ ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ തടയണപൊളിക്കാന്‍ ഉത്തരവിട്ടതെന്ന എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്്ലത്തീഫിന്റെ ഹര്‍ജിയില്‍ തടയണപൊളിക്കുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലിക സ്റ്റേ നല്‍കിയിരുന്നു.ഈ സ്റ്റേ നീക്കാന്‍ ഏഴു മാസമായിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഇന്നലെ തടയണപൊളിക്കണമെന്ന കോടതിയില്‍ ആവശ്്യപ്പെട്ടു. സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനാണ് ദുരന്തനിവാരണ നിയമപ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായ തടയണപൊളിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. പൊടുന്നനെ തടയണപൊളിച്ചാല്‍ വെള്ളപാച്ചിലില്‍ ദുരന്തസാധ്യതയുണ്ടാകുമെന്നതിനാല് വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടാനുള്ള നിര്‍ദ്ദേശമാണ് കോടതി പുറപ്പെടുവിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് പൊളിക്കാനും ഭൂനിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് നടപടി സ്വീകരിക്കാനും കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്റെ പൊതുതാല്പര്യ ഹര്‍ജിയും ഒന്നിച്ചാണ് കോടതി പരിഗണിച്ചത്. പാര്‍ക്കിലെ കുളങ്ങളിലെ വെള്ളം ഒഴുക്കിവിട്ടതായും പാര്ക്കിന് കോഴിക്കോട് കളക്ടര്‍ സ്്റ്റോപ് മെമ്മോ നല്കിയതിനാല് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. രണ്ടാഴ്ചക്കു ശേഷം ഇക്കാര്യത്തില്‍ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. പരാതിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് അഡ്വ ബെച്ചു കുര്യന് തോമസും, അഡ്വ. ജോര്‍ജ് എ ചെറിയാനും ഹാജരായി. ടി.വി രാജനുവേണ്ടി അഡ്വ. ഡെയ്സി ഫിലിപ്പോസും ഹാജരായി.
RECENT NEWS

മലപ്പുറത്തെ റയിൽവേ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇടപെടൽ
മലപ്പുറം: ജില്ലാ ആസ്ഥാനത്തെ നഗരസഭയുടെ ജന സേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവെ ടിക്കറ്റ് കൗണ്ടർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പാലക്കാട് റയിൽവെ ഡിവിഷണൽ മാനേജറെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച [...]