സിപിഎം ഒട്ടുംപുറം അഴിമുഖം ബ്രാഞ്ച് സെക്രട്ടറിയെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ആക്രമിച്ചു

സിപിഎം ഒട്ടുംപുറം അഴിമുഖം  ബ്രാഞ്ച് സെക്രട്ടറിയെ യൂത്ത്‌ലീഗ്  പ്രവര്‍ത്തകന്‍ ആക്രമിച്ചു

താനൂര്‍: സിപിഐ എം ഒട്ടുംപുറം അഴിമുഖം ബ്രാഞ്ച് സെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആക്രമിച്ചു. എം പി സാവാന്‍ കുട്ടിയെയാണ് ലീഗ് പ്രവര്‍ത്തകനായ പാട്ടശ്ശേരി ഹബീബ് ആക്രമിച്ചത്.
ബുധനാഴ്ച വൈകീട്ട് 5.30ന് ഒട്ടുംപുറത്തു നിന്നും താനൂരിലേക്ക് പോകുന്ന വഴി ഒട്ടുംപുറം ഒ എഫ് സി ക്ലബിനു സമീപം വച്ച് ബൈക്ക് തടഞ്ഞായിരുന്നു ആക്രമണമെന്നാണ് പരാതി. പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരുടെ കൈയ്യും, കാലും വെട്ടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഹബീബ്.
മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് സാവാന്‍കുട്ടി പറഞ്ഞു. താനൂര്‍ പൊലീസില്‍ പരാതി നല്‍കി.
തീരദേശ മേഖലയില്‍ പ്രകടനങ്ങളോ, പൊതുയോഗമോ നടത്താന്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെ, പൊലീസിനെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം പ്രദേശത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനപരമായി പ്രകടനം നടത്തിയിരുന്നു. തീര്‍ത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ പ്രദേശത്തെ കലുഷിതമാക്കുവാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം തീരദേശ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Sharing is caring!