നാലാമത്തെ ലോ ഫ്‌ളോറും പണിമുടക്കി; നെടുമ്പാശ്ശേരി യാത്ര സൂപ്പര്‍ഫാസ്റ്റില്‍

നാലാമത്തെ ലോ ഫ്‌ളോറും പണിമുടക്കി; നെടുമ്പാശ്ശേരി യാത്ര സൂപ്പര്‍ഫാസ്റ്റില്‍

മലപ്പുറം: നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന എസി ലോ ഫ്‌ളോര്‍ ബസും പണി മുടക്കി. എസി ലോ ഫ്‌ളോറില്‍ യാത്ര ചെയ്യാനായി ഇന്നലെ എത്തിയവരെ സൂപ്പര്‍ ഫാസ്റ്റിലാണ് കൊണ്ട് പോയത്. മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള എട്ട് എസി ലോ ഫ്‌ളോര്‍ ബസുകളില്‍ നാലും ഇതോടെ കട്ടപ്പുറത്തായി.

ഏഴു ലോ ഫ്‌ളോര്‍ സര്‍വീസുകള്‍ക്കായി ഏഴ് ബസുകളും ഒരു സ്‌പെയര്‍ ബസുമാണ് മലപ്പുറം ഡിപ്പോയിലുള്ളത്. അറ്റകുറ്റപ്പണി നടത്താന്‍ വോള്‍വോ കമ്പനിക്ക് പണം നല്‍കാത്തതാണ് ബസ് കട്ടപ്പുറത്താവാന്‍ കാരണം. നെടുമ്പാശ്ശേരി ബസ് കയറാനെത്തിയവര്‍ ബസ്സിലെന്നറിഞ്ഞതോടെ കൗണ്ടറിലെത്തി ബഹളം വച്ചു. 20 രൂപ റിസര്‍വേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ 272 രൂപയാണ് എസി ലോ ഫ്‌ളോര്‍ ബസിന്റെ നിരക്ക്. 129 രൂപയാണ് സൂപ്പര്‍ഫാസ്റ്റിന്റെ നിരക്ക്.

സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന എസി ലോ ഫ്‌ളോര്‍ സര്‍വീസ് നടത്തുന്നത് മലപ്പുറത്ത് നിന്നാണ്. മറ്റു ഡിപ്പോകളിലെ ബസുകള്‍ യഥാസമയം റിപ്പയര്‍ ചെയ്യുന്നുണ്ടെന്നും മലപ്പുറത്ത് മാത്രമാണ് തടസ്സം നേരിടുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

Sharing is caring!