സാക്ഷര സമൂഹത്തിന് ദാറുല്‍ഹുദാ സംവിധാനം ദേശവ്യാപകമാക്കും: ഹൈദരലി തങ്ങള്‍

സാക്ഷര സമൂഹത്തിന് ദാറുല്‍ഹുദാ സംവിധാനം ദേശവ്യാപകമാക്കും: ഹൈദരലി തങ്ങള്‍

ബൈശ (ഗുവാഹത്തി): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അസം കാമ്പസില്‍ മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച സെക്കണ്ടറി ബില്‍ഡിംഗ് ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു.

രാജ്യത്ത് അസ്ഥിത്വപ്രതിസന്ധി നേരിടുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമാണ് പരിഹാരമെന്ന് തങ്ങള്‍ പറഞ്ഞു. ഏതു സമുഹത്തിന്റെയും ഭാവി നിര്‍ണയിക്കുന്നത് വിദ്യാഭ്യാസ സംവിധാനങ്ങളാണ്. രാജ്യനന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണം. കേരളീയ മുസ് ലിംകള്‍ ആര്‍ജിച്ചെടുത്ത മത സാമൂഹിക വളര്‍ച്ചയെ ദേശവ്യാപകമാക്കുകയാണ് ലക്ഷ്യമെന്നും സാക്ഷര സമൂഹത്തിനു വേണ്ടി ദാറുല്‍ഹുദാ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളെ സമുദായം ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.

കാമ്പസ് സ്റ്റുഡന്റ് യൂണിയന്‍ പ്രഖ്യാപനവും സുവനീര്‍ പ്രകാശനവും തങ്ങള്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.

കാമ്പസില്‍ നിര്‍മിച്ച സൈനുല്‍ ഉലമാ മെമ്മോറിയല്‍ ലൈബ്രറി വി.സി ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് റൂം ഉദ്ഘാടനം ദാറുല്‍ ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നിര്‍വഹിച്ചു. ഓഡിറ്റോറിയം ഇ.ടി മുഹമ്മദ് ബശീര്‍ എം.പിയും കംപ്യൂട്ടര്‍ ലാബ് പി.വി അബ്ദുല്‍ വഹാബ് എം.പിയും ഉദ്ഘാടനം ചെയ്തു.

അസം എം.എല്‍.എമാരായ ജാകിര്‍ ഹുസൈന്‍, ഷര്‍മാന്‍ അലി, അബ്ദുല്‍ ഖാലിഖ്, മുന്‍ മന്ത്രിമാരായ സിദ്ദീഖ് അഹ്മദ്, സൈദുല്ല നാങ്കോണ്‍, മുന്‍ എം.എല്‍.എ താരാ പ്രസാദ് ദാസ്, ബോഡോലാന്റ് എജ്യുക്കേഷന്‍ കൗണ്‍സില്‍ മുന്‍ മെംബര്‍ ദെര്‍ഹാസത് ബുസുമാട്രി, നാഷണല്‍ ഡിറ്റക്ടീവ് ബ്യൂറോയിലെ ഡോ. ഡി.എം.ബി ബറുവ, ദീപുജിത്ത് കണികാര്‍, മുന്‍ ഡി.ജി.പി കമലേശ്വര ധക്കാ, ഗുവാഹത്തി ഹൈക്കോടതയിലെ സീനിയര്‍ അഡ്വക്കേറ്റ് ഹാഫിസ് റശീദ് അഹ് മദ് ചൗധരി, മേഘാലയ സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ മെഹ് ബൂബുല്‍ഹഖ്, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അശ്‌റഫലി, യു.ശാ ഹാജി ചെമ്മാട്, ഡോ. യു.വികെ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാമ്പസ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഈനുദ്ദീന്‍ തങ്ങള്‍ സ്വാഗതവും ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് കോഡിനേറ്റര്‍ കെ.പി അബ്ദുന്നാസ്വിര്‍ വെള്ളില നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ അസമിലെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നു ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ പ്രതിനിധികളും സംബന്ധിച്ചു.

Sharing is caring!