മലപ്പുറത്തെ ക്രിസ്ത്യന്‍പള്ളി അക്രമിച്ച പ്രതി റിമാന്‍ഡില്‍

മലപ്പുറത്തെ ക്രിസ്ത്യന്‍പള്ളി അക്രമിച്ച പ്രതി റിമാന്‍ഡില്‍

മലപ്പുറം: മലപ്പുറം സെന്റ് ജോസഫ്‌സ് ദേവാലയം അക്രമിച്ചകേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ അള്‍ത്താരയിലുള്ള തിരുസ്വരൂപം, നേര്‍ച്ചപ്പെട്ടി എന്നിവയാണു പ്രതി തകര്‍ത്തത്. അക്രമം നടത്തിയ തമിഴ്‌നാട് സേലം സ്വദേശിയും മക്കരപ്പറമ്പില്‍ കെട്ടിട നിര്‍മാണതൊഴിലാളിയുമായ പളനിയെ (35) ഇന്നലെ മലപ്പുറം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

അറസ്റ്റിലായ ഇയാളെ ഇന്നു മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് അക്രമാസക്തനാകുകയും കസേര ഉപയോഗിച്ചു തിരുസ്വരൂപവും ഫാനും സാധനസാമഗ്രികളും തകര്‍ക്കുകയുമായിരുന്നു. പ്രാര്‍ഥിക്കാനെന്ന രീതിയില്‍ എത്തിയ യുവാവ് പെട്ടെന്നു അക്രമാസക്തനാവുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഏതാനും സ്ത്രീകള്‍ മാത്രമാണ് സംഭവ സമയത്ത് ദേവാലയത്തിലുണ്ടായിരുന്നത്. യുവാവിന്റെ പരാക്രമം കണ്ടു ഭയന്ന സ്ത്രീകള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു മലപ്പുറം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അമിതമായി മദ്യപിച്ച ഇയാള്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ ദേവാലയത്തില്‍ പരാക്രമം നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മലപ്പുറം എസ്‌ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. തുടര്‍ന്നു പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവം അറിഞ്ഞു വിശ്വാസികളും പ്രദേശത്തെ രാഷ്ട്രീയപ്രതിനിധികളും ദേവാലയത്തിലെത്തി.

ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് സ്ഥലത്തെത്തി അക്രമസംഭവത്തില്‍ അപലപിച്ചു. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ദേവാലയത്തിലെ അക്രമത്തില്‍ ആശങ്കയുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നു അന്വേഷിക്കണമെന്നും ദേവാലയ വികാരി ഫാ.കെ.എസ്.ജോസഫ് ആവശ്യപ്പെട്ടു.

നാനാജാതിമതസ്ഥര്‍ വന്നു പ്രാര്‍ഥിക്കുന്ന ദേവാലയത്തില്‍ ഇത്തരമൊരു അക്രമം നടന്നതു വേദനാജനകമാണെന്നും ദേവാലയത്തിനു നേര്‍ക്കുള്ള അക്രമം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടവകവികാരി മലപ്പുറം പോലീസില്‍ പരാതി നല്‍കി. അക്രമസംഭവത്തില്‍ പാരിഷ് കമ്മിറ്റിയും ദേവാലയത്തിലെ വിവിധ സംഘടനകളും പ്രതിഷേധിച്ചു.

എന്നാല്‍ ദേവാലയത്തിലെ അക്രമത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഒന്നുമില്ലെന്നും യുവാവ് അമിതമായി മദ്യപിച്ചു ബോധം നഷ്ടപ്പെട്ടതാണ് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയതെന്നും എസ്‌ഐ പറഞ്ഞു. ആരാധനാലയങ്ങളില്‍ കയറി വസ്തുവകകള്‍ നാശം വരുത്തിയതിനും മറ്റുമാണ് ഇയാള്‍ക്കെതിരേ കേസ് ചുമത്തിയിരിക്കുന്നത്.

Sharing is caring!