ലോക്‍സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്‍സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മലപ്പുറം: ലോക്‍സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കും പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലേക്കും അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. അതത് നിയമസഭാ മണ്ഡലങ്ങളിലെ ഉപവരണാധികാരികള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള ബാലറ്റ് യൂണിറ്റുകൾ (ബി യു), കൺട്രോൾ യൂണിറ്റുകൾ(സി യു ), വിവിപാറ്റ് എന്നിവ ഓരോ പോളിങ് ബൂത്തിലേക്കും അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ. നിലവിലെ മെഷീനുകളുടെ സീരിയല്‍ നമ്പറുകള്‍ നല്‍കിയ ശേഷം ഇ.വി.എം മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് മെഷീന്‍, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്.

മലപ്പുറം, പൊന്നാനി ലോക്‍സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ മലപ്പുറം ജില്ലാ കളക്ടറും വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ വയനാട് ജില്ലാ കളക്ടറുടെ ചേംബറില്‍ വെച്ച് വയനാട് ജില്ലാ കളക്ടറുമാണ് നിര്‍വഹിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരുടെയും വരണാധികാരികളുടെയും വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു റാന്‍‍ഡമൈസേഷന്‍.

മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും മലപ്പുറം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദിന്റെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം), പുൽകിത് ആര്‍ ആര്‍ ഖരേ (പൊന്നാനി), പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

വണ്ടൂരിൽ അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ജില്ലയില്‍ ഉപയോഗിക്കുക 3324 വോട്ടിങ് യന്ത്രങ്ങള്‍

ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി ആകെ 3324 വോട്ടിങ് യന്ത്രങ്ങളാണ് അലോട്ട് ചെയ്തിട്ടുള്ളത്. റിസര്‍വ്വായി അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ എണ്ണം കൂടി ചേര്‍ത്തുള്ള കണക്കാണിത്. ജില്ലയില്‍ ആകെ 2798 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ 20 ശതമാനം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 30 ശതമാനം വിവിപാറ്റ് മെഷീനുകളുമാണ് റിസര്‍വ്വായി അധികം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റിസര്‍വ്വ് അടക്കം മലപ്പുറം, പൊന്നാനി (തൃത്താല അടക്കം) ലോക്‍സഭാ മണ്ഡലങ്ങളിലേക്കായി ആകെ 2827 വോട്ടിങ് യന്ത്രങ്ങളാണ് (പൊന്നാനി – 1381, മലപ്പുറം – 1446) അലോട്ട് ചെയ്തത്.

Sharing is caring!