സ്‌കൂള്‍ കായിക മേളയിൽ ചരിത്ര വിജയം നേടിയ മലപ്പുറത്തിന് പ്രസ് ക്ലബിന്റെ ആദരം

സ്‌കൂള്‍ കായിക മേളയിൽ ചരിത്ര വിജയം നേടിയ മലപ്പുറത്തിന് പ്രസ് ക്ലബിന്റെ ആദരം

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായി ജില്ലയെ വിജയ കിരീടം ചൂടിച്ച ശില്‍പികളെ മലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം കെ.യു.ഡബ്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാറിനു നല്‍കി.

മൂന്ന് വർഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പാണ് ചരിത്രത്തിലാദ്യമായി കായിക കിരീടം എന്ന സ്വപ്നം സ്വന്തമാക്കാൻ മലപ്പുറത്തെ പ്രാപ്തരാക്കിയതെന്ന് ഡി ഡി ഇ മീറ്റ് ദി പ്രസ് പ്രോ​ഗ്രാമിൽ പറഞ്ഞു. കഴിഞ്ഞ വർഷം റിലേ മത്സരങ്ങളിലെ ഐക്യമില്ലായ്മയാണ് കിരീട നേട്ടത്തിന് വിനയായത്. എന്നാൽ ഇത്തവണ അത് മറി കടക്കുന്നതിനായി പ്രത്യേക പരിശീലനം നൽകിയിരുന്നു. ഒപ്പം വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ടീമിന് ഒത്തിണക്കം കിട്ടാനും ടീമെന്ന ഐക്യം കൈവരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്തു. ഒരു ടീമെന്ന സ്പിരിറ്റോടെ ജില്ലയിലെ കായികാധ്യാപകരും കായിക താരങ്ങളും പൊരുതി നേടിയതാണ് ഈ വിജയമെന്ന് ഡി ഡി ഇ പറഞ്ഞു.

16 കായിക പരിശീലകരെയാണ് ഐഡിയൽ സ്കൂളിലെ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനായി നിയമിച്ചിരിക്കുന്നതെന്ന് സ്കൂൾ മാനേജർ മജീദ് ഐഡിയൽ പറഞ്ഞു. 2006 മുതൽ നടത്തുന്ന കഠിന പ്രയത്നമാണ് ഇന്ന് കാണുന്ന വിജയത്തിലേക്ക് ഐഡിയലിനെ എത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ള സ്കൂളിനേക്കാളും വൻ വ്യത്യാസത്തിൽ മികച്ച സ്കൂളിനുള്ള കിരീടം നേരിടുന്നത് ഐഡിയലിനെ സഹായിച്ചത് കൃത്യമായ പദ്ധതികളിലൂന്നിയ പരിശീലനമാണെന്നും അദ്ദേഹം പറഞ്ഞു.

102 പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളും മലപ്പുറത്തെ പ്രതിനിധീകരിച്ച് ഇത്തവണ മേളയിൽ പങ്കെടുത്തിരുന്നു. മികച്ച പ്രകടനമാണ് ഇവർ നടത്തിയത്. ഇതിന് പിന്നിൽ പ്രയത്നിച്ചവരേയും പ്രസ് ക്ലബ് ആദരിച്ചു.

സംസ്ഥാന കായിക മേള ജേതാക്കൾക്ക് സ്വീകരണമൊരുക്കി എം എസ് എഫ്

ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, ഡി.ടി മുജീബ്, ഡോ. എസ് സന്ദീപ്, കെ ഷെബിന്‍,കടകശേരി ഐഡിയല്‍ മാനേജര്‍ മജീദ് ഐഡിയല്‍,ഷാഫി അമ്മായത്ത്, ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസ് കായികാധ്യാപകന്‍ സജീര്‍, പരിശീലകന്‍ റിയാസ് ആലത്തിയൂര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.

 

Sharing is caring!