പാണ്ടിക്കാട് സ്റ്റേഷൻ മരണത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

പാണ്ടിക്കാട് സ്റ്റേഷൻ മരണത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

പാണ്ടിക്കാട്: പാണ്ടിക്കാട് യുവാവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റസ് വിന്‍സന്‍, ഷംസീര്‍ ടി പി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മജിസ്റ്റീരിയല്‍ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ്കലക്ടറാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുക. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് മരിച്ചത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതായിരുന്നു. അവിടെ വച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് പൊലീസ് ഭാഷ്യം. ഇന്ന് രാവിലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മൊയ്തീന്‍ കുട്ടി മരിച്ചത്.

പന്തല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീന്‍ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. മഞ്ചേരി മേലാറ്റൂര്‍ റോഡ് ആണ് ഉപരോധിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

കൊപ്പം എസ് ഐ പുലാമന്തോൾ ഭാ​ഗത്ത് കുന്തിപുഴയിൽ മുങ്ങി മരിച്ചു

സ്റ്റേഷനില്‍ വച്ച് മൊയ്തീന്‍ കുട്ടിക്ക് പൊലീസ് മര്‍ദ്ദനമേറ്റിട്ടുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ ആരോപണം വന്നതോടെ വിഷയം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. സംഭവത്തില്‍ അന്വേഷണമുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

Sharing is caring!