1000 പേർക്ക് ജോലി നൽകുന്ന 50 സ്റ്റാർട്ട് അപ്പുകൾക്ക് തുടക്കമേകുന്ന പദ്ധതിയുമായി നജീബ് കാന്തപുരം

1000 പേർക്ക് ജോലി നൽകുന്ന 50 സ്റ്റാർട്ട് അപ്പുകൾക്ക് തുടക്കമേകുന്ന പദ്ധതിയുമായി നജീബ് കാന്തപുരം

പെരിന്തൽമണ്ണ: മലബാറിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത ബിസിനസ്സ് കോണ്‍ക്ലേവിന് ഫെബ്രുവരി 2,3 (വെള്ളി, ശനി) തിയ്യതികളില്‍ പെരിന്തല്‍മണ്ണ വേദിയാവും. പെരിന്തല്‍മണ്ണയെ സംരംഭകരുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. മൂന്നു വര്‍ഷം കൊണ്ട് 50 പുതിയ സംരംഭങ്ങള്‍ കൊണ്ടു വരികയും ഇത് വഴി 1000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

നമ്മുടെ നാട്ടിലെ ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരെ വ്യവസായ, സംരംഭക മേഖലയിലെ പ്രമുഖരുടെ ഉപദേശ നിര്‍ദേശങ്ങളോടെ ഉയര്‍ത്തിക്കൊണ്ടു വരികയും അവരുടെ ബ്രാണ്ടുകളെയും ഉല്‍പ്പന്നങ്ങളെയും ആഗോള വിപണയില്‍ എത്തിക്കുകയും ചെയ്യുന്നതിനുള്ള വേദിയൊരുക്കുകയാണ് കോണ്‍ക്ലേവിന്റെ മറ്റൊരു ലക്ഷ്യം. ഇതിനായി പെരിന്തല്‍മണ്ണയില്‍ സ്‌കെയില്‍ അപ്പ് വില്ലേജ് ആരംഭിക്കും. സ്‌കെയില്‍ അപ്പ് വില്ലേജ് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇതിനോടകം തയ്യാറായിക്കഴിഞ്ഞു.

സ്‌കെയില്‍ അപ്പ് വില്ലേജിന്റെ ആശയ രൂപീകരണത്തിന് വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും സംരംഭകത്വ ആശയം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വ്യവസായ, വാണിജ്യ രംഗത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും വ്യാപാര, വ്യവസായ പ്രമുഖരുടെയും പിന്തുണയോടെയാണ് സ്‌കെയില്‍ അപ്പ് വില്ലേജ് പ്രവര്‍ത്തിക്കുക. കേരളത്തിലെ ആദ്യത്തെ യൂണികോണ്‍ കമ്പനിയായ ഓപ്പണ്‍ സ്‌കെയില്‍ അപ്പ് വില്ലേജിന്റെ എക്കോസിസ്റ്റം പാര്‍ട്ട്ണറായിരിക്കും.

ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം; ഉദ്ഘാടനമെന്നെന്ന് വ്യക്തതയില്ലാതെ ലീഗ് നേതൃത്വം, തട്ടിപ്പ് ആരോപിച്ച് കെ ടി ജലീല്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി, അസാപ്പ്, നോളജ് ഇക്കോണമി മിഷന്‍ തുടങ്ങി കേരള സര്‍ക്കാറിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കെയില്‍ അപ്പ് വില്ലേജിന് കരുത്ത് പകരും. മടങ്ങി വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്തി സ്‌കെയില്‍ അപ്പ് വില്ലേജില്‍ പ്രത്യേക പദ്ധതി തയ്യാറാക്കും. കോണ്‍ക്ലേവില്‍ പ്രവാസി സംരംഭകര്‍ക്കായി പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും.

നിയോജക മണ്ഡലത്തിലുള്ള ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംരംഭങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ആനുകൂല്യങ്ങള്‍ പരമാവധി ലഭ്യമാക്കുന്നതിന് സ്‌കെയില്‍ അപ്പ് വില്ലേജില്‍ സംവിധാനമൊരുക്കും. കോണ്‍ക്ലേവില്‍ വിവിധ സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ചര്‍ച്ചകള്‍, സെമിനാറുകള്‍, വിനോദ, സാസ്‌കാരിക പരിപാടികളെല്ലാം കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും.

കോണ്‍ക്ലേവിന്റെ മുന്നോടിയായി 150 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി 1500 വിദ്യാര്‍ത്ഥികളെ കോണ്‍ക്ലേവിന്റെ അംബാസര്‍ഡര്‍മാരായി വാര്‍ത്തടുക്കും. ഈ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് സംരംഭക രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കും.

പത്ര സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ഓപ്പണ്‍ ഫൗണ്ടറും സി.ഇ.ഒയുമായ അനീഷ് അച്യുതന്‍, കോ- ഫൗണ്ടര്‍ മേബ്ള്‍ ചാക്കോ, സ്‌കെയില്‍ അപ്പ് വില്ലേജ് സി.ഇ.ഒ നദീം അഹമ്മദ് പങ്കെടുത്തു.

Sharing is caring!