മാതൃകയായി എ.ആർ നഗർ പഞ്ചായത്ത്: ഇനിയെല്ലാം പുകയില രഹിത വിദ്യാലയങ്ങൾ

മാതൃകയായി എ.ആർ നഗർ പഞ്ചായത്ത്: ഇനിയെല്ലാം പുകയില രഹിത വിദ്യാലയങ്ങൾ

തിരൂരങ്ങാടി: മുഴുവൻ വിദ്യാലയങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കാനൊരുങ്ങി എ.ആർ നഗർ പഞ്ചായത്ത്. എ.ആർ നഗർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള 13 വിദ്യാലയങ്ങളെയാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി ആറിന് രാവിലെ പത്തിന് വേങ്ങരയിൽ പ്രവർത്തിക്കുന്ന മലബാർ സെൻട്രൽ സ്‌കൂൾ ഗ്രീൻ ഹില്ലിൽവെച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപനം നടത്തും.

എ.ആർ.എൻ.എച്ച്.എസ്.എസ് ചെണ്ടപ്പുറായ, മർകസ് പബ്ലിക്ക് സ്‌കൂൾ ഖുദ്ബി ക്യാമ്പസ് പുതിയത്ത് പുറായ, ജി.എച്ച്.എസ് കൊളപ്പുറം, അൽഫുർഖാൻ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്‌കൂൾ മമ്പുറം, മലബാർ സെൻട്രൽ സ്‌കൂൾ വലിയപ്പറമ്പ്, അൽഹുദ ഇംഗ്ലീഷ് മിഡീയം സ്‌കൂൾ ആൾൻഡ് ഇസ്ലാമിക്ക് പ്രീ സ്‌കൂൾ കുറ്റൂർ നോർത്ത്, എ.എ.എം.എൽ.പി.എസ് പുതിയത്ത് പുറായ, ഇഖ്റ ട്രന്റ് പ്രീ സ്‌കൂൾ എ.ആർ നഗർ, ജി.എൽ.പി.എസ് പുകയൂർ, ജി.എം.എൽ.പി.എസ് മമ്പുറം, ജി.യു.പി.എസ് എ.ആർ നഗർ, എ.യു.പി.എസ് ഇരുമ്പുചോല, അൽഫിത്ര ഇസ്ലാമിക്ക് പ്രീ സ്‌കൂൾ ആൻഡ് സ്‌കൂൾ ഓഫ് ഹിഫ്സ് മമ്പുറം എന്നീ സ്ഥാപനങ്ങളാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുക. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്.

പ്രാദേശിക സർക്കാറുകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജനപ്രസ്ഥാനങ്ങൾ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകൾ, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണ് ആരോഗ്യവകുപ്പ് നേതൃത്വം കൊടുക്കുന്നത്.

വീണ് കിട്ടിയ സ്വർണം ഉടമസ്ഥനെ തിരിച്ചേൽപിച്ച് ബസ് കണ്ടക്ടർ

വിദ്യാലയങ്ങളുടെ അകത്തും പ്രാധാനപ്പെട്ട സ്ഥാലങ്ങളിലും ‘ടൊബോക്കോ ഫ്രീ ഏരിയ’, പ്രവേശന കാവടങ്ങളിൽ ‘പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം’ എന്നീ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ പുകവലിക്കുകയോ, പുകയില ഉൽപന്നങ്ങൾ കൊണ്ടുവരുകയോ ചെയ്താൽ അറിയിക്കേണ്ട ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും ബോർഡിയലുണ്ട്.

സ്‌കൂളുകളിൽ പുകയില കാരണമുണ്ടാകുന്ന വിപത്തുകളെ കുറിച്ചുള്ള പോസ്റ്ററുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേക ക്വിസ് മത്സരം, മറ്റ് ആരോഗ്യ ബോധവത്കരണ പരിപാടികൾ എന്നിവ നടത്തിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവിലുള്ള പ്രാധാനപ്പെട്ട സ്ഥലങ്ങളിൽ യെല്ലോ ലൈൻ വരച്ച് ഈ മേഖലയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എല്ലാ സ്‌കുകളിലും പി.ടി.എ, എം.പി.ടി.എ, സ്‌കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയെ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിച്ച് ആരോഗ്യപ്രദമായ ഒരു സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.

മലപ്പുറം പ്രസ്സ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അിസ്റ്റൻറ് സി.കെ സുരേഷ് കുമാർ, എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻറ് ലിയാഖത്ത് അലി കാവുങ്ങൽ, വൈസ് പ്രസിഡൻറ് ശ്രീജ സുനിൽ, സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ, എ.ആർ നഗർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി. ഫൈസൽ മുഹമ്മദ്, കെ. രാമദാസ് എന്നിവരും പങ്കെടുത്തു.

Sharing is caring!