വിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പുതുതലമുറക്ക് കൈമാറാനാകണം – സാദിഖലി ശിഹാബ് തങ്ങള്‍

വിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പുതുതലമുറക്ക് കൈമാറാനാകണം – സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: വിദ്യാഭ്യാസ മേഖലയില്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മികവുകള്‍ കൃത്യമായി പുതിയ തലമുറക്ക് കൈമാറാന്‍ സാധിച്ചാല്‍ വലിയ മുന്നേറ്റങ്ങള്‍ നമ്മുക്ക് നേടാനാകുമെന്നും വികസിത രാജ്യങ്ങള്‍ വലിയ ഓഫറുകള്‍ നല്‍കിയാണ് പഠനത്തിനായി വിദ്യാര്‍ഥികളെ ക്ഷണിക്കുന്നതെന്നും അല്‍ഹുദ ട്രസ്റ്റ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുതന്നെ നിരവധി വിദ്യാര്‍ഥികള്‍ പല രാഷ്ട്രങ്ങളിലായി പഠനം പൂര്‍ത്തീകരിക്കുകയും അവിടെ തന്നെ ജീവിതം തുടരുകയും ചെയ്യുന്നുണ്ട്. നിലവാരമുള്ള വിദ്യാഭ്യാസം തേടി ഏതറ്റംവരെ പോകാനും വിദ്യാര്‍ഥികള്‍ തയ്യാറാണ്. നമ്മുടെ രാജ്യത്തും കൂടുതല്‍ മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളുണ്ടാവണം. നമ്മുടെ മക്കള്‍ക്ക് ഇവിടെ തന്നെ അതിന് അവസരം നല്‍കണം. അവരുടെ പ്രയത്നങ്ങളെ രാജ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. അതിനുതകുന്ന പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയില്‍ കാല്‍നൂറ്റാണ്ടായി സേവനം ചെയ്യുന്ന അല്‍ഹുദ ഒരുക്കുന്നത്. ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ സര്‍വ്വപിന്തുണയുമുണ്ടാകുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലില്‍ കാല്‍ ന്യൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്ന അല്‍ഹുദ എജ്യൂക്കേഷനല്‍, കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത്തെ പൊതുപരിപാടി ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ‘വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാം, ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കാം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ വിവിധ ചര്‍ച്ചകളും വിദ്യാര്‍ഥി, യുവജനങ്ങള്‍ക്ക് വിദഗ്ധരുമായി സംവാദിക്കാനും അവരുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കാനുമുള്ള അവസരങ്ങളും ഒരുക്കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പിന്നാക്കാവസ്ഥയിലായ ജനവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാനുതകുന്ന പുതിയ പദ്ധതിയും ഇതിനനുബന്ധമായി അല്‍ഹുദ ട്രസ്റ്റ് ആരംഭിക്കുന്ന സയന്‍സ് അകാദമിയുടെ ലോഞ്ചിങ്ങും കോണ്‍ക്ലേവില്‍ പ്രഖ്യാപിച്ചു.

ഇത്തിഹാദ് എയർവെയ്സ് കരിപ്പൂരിലേക്ക് സർവീസുകൾ ആരംഭിച്ചു
അല്‍ഹുദ സയന്‍സ് അകാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., ഡെല്‍ഹി കോര്‍പറേഷന്‍ ഡെപ്യൂട്ടി മെയര്‍ അലയ് മുഹമ്മദ് ഇഖ്ബാല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, കേന്ദ്ര ധനകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഇഖ്ബാല്‍ ഹസ്സന്‍, എസ്.എഫ്.ജി.ഐ. മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ സുബ്ഹാന്‍, ഷാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ്., അലി പബ്ലിക്ക് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍സാര്‍ അന്‍വര്‍ ഖാന്‍, ഡോ. അലി ഹസ്സന്‍ വാഫി, ഡോ. കെ.ടി. ഹാരിസ്, ചട്ടിപ്പറമ്പ് എജുകെയര്‍ മാനേജിങ് ഡയറക്ടര്‍ നാസര്‍ കിളിയമണ്ണില്‍, ഫസല്‍ കിളിയമണ്ണില്‍, അല്‍ഹുദ ട്രസ്റ്റ് ഭാരവാഹികളായ പി.സി.എച്ച്. ഷംസുദ്ദീന്‍, സി.എച്ച്. ഹസ്സന്‍ഹാജി, പാട്ടുപാറ അബ്ദുസ്സലാം, പി.സി. മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അല്‍ഹുദ ട്രസ്റ്റ് ഭാരവാഹികളായ ഇ. കുഞ്ഞഹമ്മദ്കുട്ടി, അഡ്വ. പറവത്ത് കുഞ്ഞിമുഹമ്മദ്, പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി.ടി. അബ്ദുറഹിമാന്‍, കെ. അലവിക്കുട്ടി മുസ്ലിയാര്‍, കെ.പി. സൈനുല്‍ആബിദീന്‍ തങ്ങള്‍, സി. ഹുസൈന്‍ ഹാജി, പി.പി. അബ്ദുല്‍നാസര്‍, സി.എച്ച്. ഹൈദര്‍ അലി, വി. അബ്ദുന്നാസര്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, അഡ്വ. അഫീഫ് പറവത്ത്, അല്‍ഹുദ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ വാഫി വളപുരം, സ്‌കൂള്‍ മാനേജര്‍ കെ. മമ്മുദു കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!