സ്വന്തം ജീവന്‍ പണയപ്പെടുത്തിയും അക്രമിയില്‍ നിന്നും ഡോ വന്ദന ദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച മലപ്പുറത്തുകാരനായ ഡോക്ടര്‍ ഇദ്ദേഹമാണ്

സ്വന്തം ജീവന്‍ പണയപ്പെടുത്തിയും അക്രമിയില്‍ നിന്നും ഡോ വന്ദന ദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച മലപ്പുറത്തുകാരനായ ഡോക്ടര്‍ ഇദ്ദേഹമാണ്

തിരൂരങ്ങാടി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ വന്ദനാ ദാസിനെ ജീവന്‍ പണയം വെച്ചും രക്ഷിക്കാന്‍ ശ്രമിച്ചത് സഹപ്രവര്‍ത്തകനായ മലപ്പുറത്തുകാരന്‍. കൊടിഞ്ഞി സ്വദേശിയായ ഡോ ഷിബിന്‍ മുഹമ്മദ് ആണ് പോലീസും, സുരക്ഷാ ഉദ്യോഗസ്ഥരും പേടിച്ച് സുരക്ഷ തേടി ഒളിച്ചപ്പോഴും കൊലയാളിയെ തള്ളിമാറ്റി വന്ദനയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഷിബിന്‍ ചികില്‍സയിലാണ്.

ഡോ വന്ദനാ ദാസിനൊപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുകയായിരുന്നു ഡോ ഷിബിനും. ഇരുവരും പഠിച്ചതും ഒരേ കോളേജിലാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
“പ്രതി സന്ദീപിനെ ആദ്യം തന്റെയടുത്താണ് എത്തിച്ചത്. കൊണ്ടുവന്ന സമയത്ത് പ്രശ്‌നമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിറ്റിന് ശേഷമാണ് പ്രകോപിതനായത്. ഡോ. വന്ദനയുടെ നിലവിളികേട്ടാണ് ഞാന്‍ നിരീക്ഷണമുറിയിലേക്ക് ഓടിയെത്തുന്നത്. നിലത്തുകിടക്കുകയായിരുന്ന വന്ദനയെ അക്രമി തുരുതുരാ കുത്തുന്നതുകണ്ടു. ഒരുനിമിഷം സ്തബ്ധനായിപ്പോയി. പെട്ടെന്നുതന്നെ വന്ദനയുടെ കാലില്‍പ്പിടിച്ചുവലിച്ച്, പ്രതിയില്‍നിന്ന് അകറ്റാന്‍ നോക്കി. അക്രമി വിടാന്‍ കൂട്ടാക്കിയില്ല. നിലത്തിരിക്കുകയായിരുന്നു അയാള്‍. അയാളുടെ ഇടതു കൈപ്പത്തിയില്‍ ഞാന്‍ ചവിട്ടി. ഈ സമയത്ത് പിടിവിട്ടു. വന്ദനയെ എടുത്തുമാറ്റുന്ന സമയത്ത് പ്രതി ഓടിവന്ന് പുറത്ത് കുത്തി. ഒരുവിധത്തിലാണ് പുറത്തേക്ക് കടന്നത്. ഈ സമയത്ത് ഡോ. വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു. ‘വയ്യാ… വയ്യാ…’ എന്ന് തുടരെത്തുടരെ പറഞ്ഞുകൊണ്ടിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ…” ഡോ ഷിബിന്റെ വാക്കുകള്‍ പകുതിയില്‍ മുറിഞ്ഞു.

എല്ലാവരും സ്വയരക്ഷ തേടിയപ്പോള്‍ ജീവന്‍ പണയപ്പെടുത്തി സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ നോക്കിയ ഈ ജൂനിയര്‍ ഡോക്ടര്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തുകയാണ് ഏവരും.

Sharing is caring!