കരിപ്പൂർ വിമാനത്താവള വികസനം, മന്ത്രി വി അബ്ദുറഹിമാനെ അഭിനന്ദിച്ച് ലീ​ഗ് എം എൽ എമാർ

കരിപ്പൂർ വിമാനത്താവള വികസനം, മന്ത്രി വി അബ്ദുറഹിമാനെ അഭിനന്ദിച്ച് ലീ​ഗ് എം എൽ എമാർ

കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളം നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാന്‍ വിമാനത്താവള വികസനം അനിവാര്യമാണെന്ന് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഏറ്റവും കുറഞ്ഞ അളവില്‍ ഭൂമി ഏറ്റെടുത്താണ് വിമാനത്താവള റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനം സാധ്യമാക്കുന്നത്. ഭൂവുടമകളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും ആരില്‍ നിന്നും ബലമായി ഭൂമി പിടിച്ചു വാങ്ങുന്ന രീതി സര്‍ക്കാറിനില്ലെന്നും മന്ത്രി പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. സാമൂഹികാഘാത പഠനം നടത്തിയാല്‍ മാത്രമേ ഭൂവുടമകളും പരിസരവാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യക്തമാവൂ. സാമൂഹികാഘാത പഠനത്തിന് ശേഷം പ്രത്യേത വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും. പഠന റിപ്പോര്‍ട്ടും ഭുവുടമകള്‍ ഉന്നയിക്കുന്ന പ്രധാന ആശങ്കകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചതിന് ശേഷം മാത്രമേ വീടും സ്ഥലവും വിട്ടു നല്‍കേണ്ടതുള്ളൂ. ഭൂമി ബലമായി പിടിച്ചെടുക്കുന്ന പ്രവണത സര്‍ക്കാറിനില്ല. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും മുഖവിലക്കെടുക്കരുത്. മലബാറിനെ സംബന്ധിച്ച് എയര്‍പോര്‍ട്ട് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിൽ കായിക വകുപ്പിന് ‘പട്ടിണി വിഹിതം’ മാത്രം; വി അബ്ദുറഹിമാന് തുടർച്ചയായ അവ​ഗണന
വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വിമാനത്താവള അതോറിറ്റി നിര്‍മാണം നടത്തുമെന്ന വ്യവസ്ഥയിലാണ് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത്. 14.5 ഏക്കര്‍ സ്ഥലമാണ് വിമാനത്താവള റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനത്തിന് ഏറ്റെടുക്കുന്നത്. ആര്‍. എഫ്. സി. ടി. എല്‍. എ. ആര്‍. ആര്‍ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങള്‍ക്ക് കെട്ടിട വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നല്‍കും. മരങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇതിനുപുറമെ പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി താമസ വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 3 ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി 50000 രൂപ, ഒറ്റത്തവണ അലവന്‍സായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും. ഇതിന് പുറമെ കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപ, ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 6000 രൂപ നിരക്കില്‍ ആറുമാസത്തേക്ക് നല്‍കും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

ഭൂവുടമകളുടെയും പ്രദേശവാസികളുടെയും പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിന് കൂടുതല്‍ സമയം ഭൂവുടമകളുമായും സമര സമിതി നേതാക്കളുമായും ചെലവഴിക്കുകുയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിന് മന്ത്രി വി അബ്ദുറഹിമാനെ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ അഭിനന്ദിച്ചു.
എൽ കെ ജി വിദ്യാർഥിനിയുടെ മരണം നോറോ വൈറസ് മൂലമെന്ന് സംശയം, മലപ്പുറത്ത് രോ​ഗം സ്ഥിരീകരിച്ചു
യോഗത്തില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ശ്രീകുമാര്‍, കെ.ലത, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദ് അലി, ഭുവുടമകള്‍, സമര സമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച തുടക്കമാവും
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച (ഫെബ്രുവരി 8) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. സാമൂഹികാഘാത പഠനം നടത്തിയാല്‍ മാത്രമേ ഭൂവുടമകളും പ്രദേശവാസികളും നേരിടുന്ന പ്രയാസങ്ങളും ആശങ്കകളും വ്യക്തമാവൂ. ആയതിനാല്‍ പഠനവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Sharing is caring!