ആന്ധ്രയില്‍ നിന്നും മലപ്പുറത്തേക്ക് ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ആന്ധ്രയില്‍ നിന്നും മലപ്പുറത്തേക്ക് ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍  പിടിയില്‍

മലപ്പുറം:ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍,(28) താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കല്‍ അജീഷ് എന്ന സഹല്‍ (28) എന്നിവരെയാണ് കല്പകഞ്ചേരി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ നിന്നും ട്രയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലയിലെ ചിലര്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇത്തരത്തില്‍ കാരിയര്‍മാര്‍ പ്രത്യേകം തുക പറഞ്ഞ് ഉറപ്പിച്ചാണ് ആവശ്യക്കാര്‍ക്കു കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്നാണ് വിവരം.
നിശ്ചിത തുക പറഞ്ഞ് ഉറപ്പിച്ച ശേഷം ഇവര്‍ തന്നെ ആന്ധ്രയില്‍പോയി കഞ്ചാവ് വാങ്ങിച്ചു മൊത്ത വ്യാപാരികള്‍ക്കു വില്‍പന നടത്തുന്ന രീതിയും വന്‍ തോതില്‍ നടക്കുന്നുണ്ട്. എന്നാല്‍ വലിയൊരു തുക തന്നെ ഇവരും ഇതില്‍നിന്നും ഈടാക്കുന്നുണ്ട്. പിടക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ തന്നെ മൊത്ത വ്യാപാരികള്‍ ഇവരെതന്നെയാണ് ആശ്രയിക്കുന്നത്. ആന്ധ്രയില്‍ ഇത്തരം ഏജന്റുമാര്‍ക്കു വന്‍ കണ്ണികളുമായി ബന്ധമുളളതിനാല്‍ തന്നെ കുറഞ്ഞ വിലയില്‍ മികച്ച സാധനം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്തരത്തില്‍ വില്‍പന നടക്കുന്നത്. ചില ഏജന്റുമാരുമായി ബന്ധപ്പെട്ടവര്‍ തന്നെയാണു ഇത്തരം കാര്യങ്ങള്‍ പോലീസിനു ചോര്‍ത്തി നല്‍കിയതും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ്, കല്‍പകഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുത്തനത്താണി ബസ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് അടുത്തു വച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

Sharing is caring!