പോലീസ് കസ്റ്റഡിയില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു: മണിക്കൂറുകള്‍ക്ക് ശേഷം കീഴടങ്ങി

പോലീസ് കസ്റ്റഡിയില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു: മണിക്കൂറുകള്‍ക്ക് ശേഷം  കീഴടങ്ങി

മലപ്പുറം: പോലീസ് കസ്റ്റഡിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്സോ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പൊലീസില്‍ കീഴടങ്ങി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ പൂക്കോട്ടുംപാടം പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്സോ കേസിലെ പ്രതി കരുളായി സ്വദേശി ജൈസല്‍ (37) എന്ന പട്ടാമ്പി ജസിലാണ് പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ നിലമ്പൂരിലെത്തിച്ച് വൈദ്യപരിശോധന കഴിഞ്ഞ് പൂക്കോട്ടുംപാടം എസ്.ഐ ജയകൃഷ്ണന്റെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം വാഹനത്തിലേക്ക് കയറ്റവെ ഇടതു കൈയില്‍ വിലങ്ങുമായി പൊലീസിനെ ആക്രമിച്ച് പ്രതി ഓടി വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്‍തുടര്‍ന്ന് വനമേഖല കേന്ദ്രീകരിച്ച് തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓടുന്നതിനിടയില്‍ പ്രതി വനാതിര്‍ത്തിയില്‍ കാട്ടാന പ്രതിരോധത്തിനായി സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടിയതിനാല്‍ ഷോക്കേറ്റിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് പ്രതി പുലര്‍ച്ചെ മണലോടി ഭാഗത്തെ ഒരു വീട്ടില്‍ നിന്നും ബൈക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് രണ്ട് ഭാര്യമാരാണുള്ളത്. രണ്ട് വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തവെയാണ് പ്രതി പൊലീസിന് കീഴടങ്ങിയത്. ആദിവാസി ബാലികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിലമ്പൂര്‍ ഡാന്‍സാഫ് ടീമിലെ അംഗങ്ങളാണ് ഇയാളെ പിടികൂടി വെള്ളിയാഴ്ച്ച പൂക്കോട്ടുംപാടം പൊലീസിന് കൈമാറിയത്. എസ്.സി, എസ്.ടി നിയമ പ്രകാരവും പോക്സോ നിയമപ്രകാരവും, സ്ത്രിത്വത്തെ അപമാനിച്ചതിനുമാണ് ഇയാള്‍ക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസുകാരുടെ പരാതിയില്‍ കസ്റ്റഡിയില്‍ നിന്നും ചാടി പോയതിനും, ബൈക്ക് നഷ്ടപ്പെട്ട ആളുടെ പരാതിയിലും നിലമ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും നിരവധി കേസുകള്‍ ഉണ്ട്. ക്രിമിനല്‍, ഗുണ്ടാ, മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം പൂക്കോട്ടുംപാടത്തെ പോക്സോ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Sharing is caring!