പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സ്വത്ത് കണ്ട് കെട്ടിയവരിൽ കൂടുതൽ പേർ മലപ്പുറത്തുകാർ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സ്വത്ത് കണ്ട് കെട്ടിയവരിൽ കൂടുതൽ പേർ മലപ്പുറത്തുകാർ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്ന് സ്വത്തുവകകൾ കണ്ട് കെട്ടിയ 248 പേരിൽ 126 പേരും മലപ്പുറം ജില്ലക്കാർ. കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജില്ല തിരിച്ചുള്ള കണക്കുള്ളത്. മലപ്പുറത്ത് സ്വത്ത് കണ്ട് കെട്ടുന്നതിനിടെ തർക്കമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഹർത്താലിൽ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൽ നടന്ന അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. ഇത് തിരിച്ചു പിടിക്കുന്നതിനാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടേയും, പ്രവർത്തകരുടേയും സ്വത്ത് കണ്ട് കെട്ടാൻ നടപടിയെടുത്തത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പാണ് സ്വന്ത് കണ്ടുകെട്ടിയത്.

സംഭവുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ട് കെട്ടിയതായി പല ഭാ​ഗത്തു നിന്നായി പരാതി ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജപ്തി നടപടികൾ പൂർത്തിയായത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ലാന്റ് റവന്യൂ കമ്മീഷണർ ടി വി അനുപമ സർക്കാരിന് നൽകിയിരുന്നു.

മലപ്പുറത്തിന് പിന്നിൽ പാലക്കാട് 23 പേരുടേയും, കോഴിക്കോട് 22 പേരുടേയും സ്വത്ത് കണ്ട് കെട്ടിയതാണ് ജില്ല തിരിച്ച് പിന്നീടുള്ള വലിയ കണക്കുകൾ.

Sharing is caring!