മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പിട്ട മലപ്പുറത്തെ സി.പി.ഐ നേതാവിന്റെ കടക്ക് തീയിട്ടു

മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പിട്ട മലപ്പുറത്തെ സി.പി.ഐ നേതാവിന്റെ കടക്ക് തീയിട്ടു

മലപ്പുറം: നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ച സി.പി.ഐ പ്രദേശിക നേതാവിന്റെ കടക്ക് തീയിട്ടു. മലപ്പുറം എരമംഗലത്തെ സ്ഥാപനം അക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിന്റെ കടക്കാണ് തീയിട്ടത്.വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ‘സിനിമയാണ് നല്ല ഒന്നാന്തരം സിനിമ: മാളികപ്പുറം.’ എന്ന കുറിപ്പോടെ അയ്യപ്പനൊപ്പം കുട്ടികളുടെ സുന്ദരമായ യാത്ര പ്രേക്ഷകമനസ്സ് നിറച്ച് മാളികപ്പുറം എന്ന അടിക്കുറിപ്പുള്ള ഉണ്ണി മുകുന്ദന്റെ ചിത്രവും ഫേസ്ബുകില്‍ പങ്കുവെച്ചിരുന്നു.ഇതിനെ വിമര്‍ശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്ന വ്യക്തിയുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവന്നു. തുടര്‍ന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോര്‍ത്തു. ഇതിനിടയില്‍ പ്രഗിലേഷിന്റെ ഉടമസ്ഥതിയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന കടക്കാണ് തീ യിട്ട് അക്രമിച്ചത്. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതംബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീവെച്ചു നശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് തീവെച്ചുനശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. നവമാധ്യമത്തിലൂടെ സി.പി.എം. അനുഭാവികളായ ചിലര്‍ കത്തിച്ചുകളയുമെന്ന തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രഗിലേഷ് പറഞ്ഞു. പെരുമ്പടപ്പ് പൊലീസില്‍ പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്അതേ സമയം മാളികപ്പുറം എന്ന സിനിമയില്‍ വിവാദമുണ്ടാകാനുള്ള ഒരു കണ്ടന്റുമില്ലെന്നും ശബരിമല, മാളികപ്പുറം എന്നീ പേരുകള്‍ വരുമ്പോള്‍ തന്നെ പ്രൊപ്പഗണ്ട ടാഗ് വീഴുമെന്നതു മാത്രമാണെന്നുമാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സിനിമയെ കുറിച്ചു പറഞ്ഞിരുന്നത്.കല്ലു എന്ന എട്ടുവയസ്സുകാരി കുട്ടിയുടെയും അവളുടെ സൂപ്പര്‍ ഹിറോ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറമെന്നും വിവാദങ്ങളിലാതിരിക്കാന്‍ അധിക ശ്രദ്ധ കൊടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദ മാധ്യമം എന്ന നിലയിലാണ് സിനിമയെ കണ്ടിരിക്കുന്നതെന്നും മറ്റു രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ നോക്കിയിട്ടില്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ വഷ്ണുവും നേരത്തെ പ്രതികരിച്ചിരുന്നു.

Sharing is caring!