ആയിരത്തോളം മഹല്ലുകളുടെ ഖാസി

ആയിരത്തോളം മഹല്ലുകളുടെ ഖാസി

മലപ്പുറം: ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി പ്രവര്‍ത്തിച്ച പാണക്കാട് ഹൈദരലി തങ്ങളാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ച വ്യക്തിത്വവും. 1994ല്‍ മുപ്പതാം വയസ്സില്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേല്‍ക്കുന്നത്. പിന്നീട് മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലാ ഖാസിയായി. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തമിഴ്‌നാട്ടിലെ നീലഗിരി ഉള്‍പ്പെടെ ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി പ്രവര്‍ത്തിച്ചു. 1977 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി മത സ്ഥാപനങ്ങളുടെ കാര്‍മികത്വം വഹിച്ചു തുടങ്ങി. പിന്നീട് ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജ്, നന്തി ദാറുസ്സലാം അറബി കോളജ്, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസുല്‍ ഇസ്‌ലാഹിയ്യ, കരുവാരക്കുണ്ട് ദാറുന്നജാത്ത്, വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാഡമി, കവനൂര്‍ മജ്മഅ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ, വളവന്നൂര്‍ ബാഫഖി യത്തീംഖാന, എടപ്പാള്‍ ദുറുല്‍ ഹിദായ, കാട്ടിലങ്ങാടി യത്തീംഖാന, പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍, കാളമ്പാടി കോട്ടുമല ഉസ്താദ് സ്മാരക കോളജ്, കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ തുടങ്ങി കേരളത്തില്‍ പ്രമുഖ മത സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവികള്‍ വഹിച്ചു.

 

പാണക്കാട്ടെ തറവാട്ടിലിരുന്ന് മതേതരത്വത്തിന്റെ
കരുത്തായി നിലയുറച്ച തങ്ങള്‍

മലപ്പുറം: പാണക്കാട്ടെ തറവാട്ടിലിരുന്ന് മതേതരത്വത്തിന്റെ കരുത്തായി നിലയുറച്ച ഹൈദരലി തങ്ങള്‍ സമുദായത്തിന്റെ അസ്തിത്വവും ആത്മാഭിമാനവും സംരക്ഷിക്കാന്‍ മുസ്‌ലിംലീഗിന്റെ അമരത്ത് നിന്ന് സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമൂഹത്തില്‍ സങ്കീര്‍ണ്ണതയുടെ ഇരുട്ട് പരക്കുമ്പോള്‍ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നേകിയ പ്രിയനേതാവിന്റെ വിയോഗം മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും മുസ്‌ലിം സമൂഹത്തിന് തന്നെയും തീരാനഷ്ടമാകും. പൂക്കോയ തങ്ങള്‍ക്കും മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും ഉമറലി ശിഹാബ് തങ്ങള്‍ക്കും ശേഷം പാണക്കാടിന്റെ തിരുമുറ്റത്ത് മതസൗഹാര്‍ദ്ദത്തിന്റെ നിലാവെട്ടം തെളിയിച്ച തങ്ങള്‍ സംഭവ ഭഹുലമായ ജീവിതം അടയാളപ്പെടുത്തിയാണ് യത്രയാവുന്നത്. പൂക്കോയതങ്ങള്‍ക്ക് ശേഷം ഒരേ സമയം മുസ്‌ലിംലീഗിന്റയും സമസ്തയുടെയും നേതൃ പദവിയില്‍ തിളങ്ങിയ വ്യക്തിയെന്ന പ്രത്യേകതയും തങ്ങള്‍ക്കുണ്ട്.
പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെ തങ്ങന്മാരുടെയെല്ലാം പേരുകളില്‍ ആറു ഭാഗങ്ങളാണുള്ളത്. ഇതില്‍ അഞ്ചും ഒരേ നാമങ്ങളാണ്. മധ്യഭാഗത്തെ ഒരു പദം മാത്രം ഓരോരുത്തര്‍ക്കായി മാറുകയാണ് ചെയ്യുന്നത്. തങ്ങന്മാരുടെ വിശേഷങ്ങളും ഇങ്ങനെത്തന്നെയായിരുന്നു. ശാരീരിക രൂപത്തില്‍ മാത്രമേയുള്ളൂ മാറ്റം. പതിഞ്ഞ ശബ്ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവും സ്‌നേഹവും മതസൗഹാര്‍ദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. ഈ പാരമ്പര്യങ്ങളുടെയെല്ലാം വക്താവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. വിശ്വാസത്തിനു മേല്‍ പൊക്കിക്കെട്ടിയ സൗധങ്ങളാണ് പാണക്കാട്ടെ ഓരോ വീടുകളും. പരാതികളും പരിഭവങ്ങളുമായി കടന്നുചെന്നവര്‍ക്ക് ആശ്വാസത്തിന്റെ കൈത്തലം നീട്ടി തീര്‍ത്ഥം നല്‍കി. ഓരോ ചുവടുകളും കൃത്യതയോടെയും വ്യക്തതയോടെയുമാണ് അവര്‍ മുന്നോട്ടുവച്ചിരുന്നത്. ഒരു ദുര്‍ബലനിമിഷത്തിന്റെയറ്റത്ത് സംഭവിക്കാവുന്ന തെറ്റ് എന്ന ശരികേടിലേക്ക് കടക്കാന്‍ ആരെയും അനുവദിച്ചില്ല. എല്ലാം കൃത്യമായിരുന്നു, തീരുമാനങ്ങളും നിലപാടുകളും ഇടപെടലുകളുമെല്ലാം. കേരള മുസ്‌ലിംകളുടെ ആത്മീയ നേതാവായിരിക്കെ തന്നെ രാഷ്ര്ടീയ രംഗത്തും തങ്ങള്‍ നടത്തിയ ഇടപെടല്‍ ചെറുതല്ലാത്ത ചലനങ്ങളാണ് സൃഷ്ടിച്ചത്.

പ്രതിസന്ധി നിറഞ്ഞ കുട്ടിക്കാലം

പ്രതിസന്ധി നിറഞ്ഞതായി ഹൈദരലി തങ്ങളുടെ കുട്ടിക്കാലം. രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് പൂക്കോയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് ആക്ഷന്റെ പേരിലായിരുന്നു പോലീസ് നടപടി. പുലര്‍ച്ചെ കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിയ പോലീസ് മലപ്പുറം സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ പോലീസിന്റെ അഭ്യര്‍ഥനയനുസരിച്ചു പൂക്കോയ തങ്ങള്‍ തന്നെ ശാന്തമാക്കിയതും ചരിത്രം. തുടര്‍ന്ന് മഞ്ചേരി സബ് ജയിലില്‍ രണ്ടു ദിവസവും കോഴിക്കോട് ജയിലില്‍ രണ്ടാഴ്ചയും പൂക്കോയ തങ്ങള്‍ കഴിഞ്ഞു. പാണക്കാട് തറവാട്ടില്‍ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങള്‍ ഏഴു വയസ്സുള്ള കുട്ടിയും. അടുത്ത വര്‍ഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവിയുടെ മരണം. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളര്‍ത്തിയത്. ഉമ്മയെപ്പോലെ തന്നെയാണ് അവര്‍ എന്നെ വളര്‍ത്തിയത്. എണ്ണതേച്ച് കുളിപ്പിക്കാനും ആരോഗ്യം പരിപാലിക്കാനും അവര്‍ ശ്രദ്ധിച്ചു. ഉമ്മയുടെ അസാന്നിധ്യം അറിയിക്കാതെയാണു വളര്‍ത്തിയത്.ഒരു അഭിമുഖത്തില്‍ ഹൈദരലി തങ്ങള്‍ പറഞ്ഞിട്ടുണ്ട്.

മദ്രസകള്‍ക്ക് ഇന്ന് അവധി

മലപ്പുറം: ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് സമസ്തക്ക് കീഴിലുള്ള മദ്രസകള്‍ക്കും അല്‍ബിറ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.

മുസ്ലിംലീഗ് ഒരാഴ്ചത്തെ എല്ലാ
പരിപാടികളും മാറ്റിവെച്ചു

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് മുസ്ലിംലീഗ് പാര്‍ട്ടിയുടെ ഒരാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.

മതേതരത്വത്തിന്റെ
ശക്തമായ ശബ്ദം: രാഹുല്‍ ഗാന്ധി

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മതേതരത്വത്തിന്റെ ശക്തമായ ശബ്ദമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാഹോദര്യത്തെയും പരസ്പരബഹുമാനത്തെയും പിന്തുണച്ച തങ്ങള്‍ യുഡിഎഫിന്റെ ശക്തമായ ശബ്ദമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹത്തിന്‍ അസാന്നിധ്യം നമുക്ക് തീര്‍ച്ചയായും അനുഭവപ്പെടുമെന്നും പറഞ്ഞു. തങ്ങളുടെ വിയോഗത്തില്‍ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ പറഞ്ഞു.

 

 

 

Sharing is caring!