റോഡ് വികസനത്തിനായി വഴിമാറി മലപ്പുറം തലക്കടത്തൂരിലെ മുസ്ലിം പള്ളി

റോഡ് വികസനത്തിനായി വഴിമാറി മലപ്പുറം തലക്കടത്തൂരിലെ മുസ്ലിം പള്ളി

തിരൂർ: തലക്കടത്തൂർ – പൊന്മുണ്ടം റോഡ് വികസനത്തിന്റെ ഭാഗമായി തലക്കടത്തൂർ ടൗൺ പള്ളിയുടെ ഒരു ഭാഗവും മുൻവശത്തെ മിനാരവുമാണ് പൊളിച്ചു നീക്കുന്നത്. ഇടുങ്ങിയ റോഡായിരുന്ന തിരുർ മലപ്പുറം പാതയിൽ ഇത് രൂക്ഷമായ ഗതാഗത തടസ്സത്തിനു കാരണമായിരുന്നു. ഇതോടെയാണ് റോഡ് ഉയർത്തിയും വീതി കൂട്ടിയും നവീകരിക്കാൻ തീരുമാനിച്ചത്. 92 പേരാണ് ഇതിനായി സ്ഥലം വിട്ടു നൽകേണ്ടത്. പള്ളിയുടെ മുൻഭാഗത്തെ സ്ഥലവും ഇതിന് ആവശ്യമായിരുന്നു.

പൊളിച്ചു തുടങ്ങിയ പള്ളിയിൽ മന്ത്രി വി അബ്ദുറഹ്മാൻ ഇന്ന് സന്ദർശനം നടത്തി. പള്ളി അധികൃതരുടെ നടപടി മാതൃകാപരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതു വരെ 88 പേരാണ് ലക്ഷങ്ങൾ മതിപ്പുവിലയുള്ള സ്ഥലം സൗജന്യമായി നൽകിയിട്ടുള്ളത്.. ഇവർക്ക് നന്ദി പറയുന്നുവെന്നും ബാക്കിയുള്ളവർ ഉടൻ ഇതിനായി തയാറാകുമെന്നാണ് പ്രതീക്ഷയെന്നും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഈ പാതയിൽ വ്യാഴാഴ്ച ടാറിങ് തുടങ്ങും. ഇതിനു പുറമേ മലപ്പുറം – തിരൂർ റോഡിലെ തിരക്ക് കുറയ്ക്കാൻ ചെറിയമുണ്ടം -പൊന്മുണ്ടം പഞ്ചായത്തുകൾക്കിടയിലൂടെ ഒരു ബൈപാസ് നിർമിക്കുമെന്നും ഏഴൂർ – കോട്ടിലത്തറ – മീശപ്പടി റോഡ് ഉണ്ടാക്കുമെന്നും മന്ത്രിപറഞ്ഞു. ഇത് കൂടാതെ താനാളൂരിൽ നിന്ന് തലക്കടത്തൂർ വരെ പുഴയോരത്ത് ഒരു പുതിയ റോഡും നിർമിക്കും. 10 കോടി രൂപ ഇതിനായി അനവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Sharing is caring!