ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച മലപ്പുറത്തെ ഷാജിയും കുടുംബവും ഇന്ന് പുതുപ്രതീക്ഷയിലാണ്

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച മലപ്പുറത്തെ ഷാജിയും കുടുംബവും ഇന്ന് പുതുപ്രതീക്ഷയിലാണ്

മലപ്പുറം: ദാരിദ്ര്യവും പട്ടിണിയും സഹിക്കാനാകാതെ വന്നപ്പോള്‍ ആത്മഹത്യയെക്കുറിച്ചുവരെ ഷാജിയും കുടുംബവും ചിന്തിച്ചിട്ടുണ്ട്. പക്ഷേ, സഹായിക്കാന്‍ ഒരു നാടുതന്നെ മുന്നോട്ടു വന്നപ്പോള്‍ ഇവരുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ തളിര്‍ത്തു. ഇക്കഴിഞ്ഞ മാസം നാട്ടുകാരുടെ സഹായത്തോടെ ദേശീയപാത പാലക്കലില്‍ തുടങ്ങിയ തട്ടുകട ഇപ്പോള്‍ പുതുവര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഷാജിയും ഭാര്യ സുമയ്യത്തും 3 മക്കളും ഷാജിയുടെ ഉമ്മയും അടങ്ങുന്ന കുടുംബം വെളിമുക്ക് ആലുങ്ങല്‍ കുഴിമ്പാട്ട് പാടത്ത് വാടക വീട്ടിലാണ് താമസം.

വേങ്ങര അച്ചനമ്പലത്ത് ഹോട്ടല്‍ നടത്തിയിരുന്നെങ്കിലും കോവിഡ് എത്തിയതോടെ കച്ചവടം താറുമാറായി. അവിടെ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വാടകയും കൊടുക്കാന്‍ പറ്റാതായി. തുടര്‍ന്നാണ് ഹോട്ടല്‍ ഒഴിവാക്കി വെളിമുക്കിലേക്കു താമസം മാറുന്നത്. ഷാജിയുടെ ഉമ്മയ്ക്കു വീണു പരുക്കു പറ്റിയതോടെ കുടുംബത്തിന്റെ താളംതെറ്റി. ഉമ്മയെ പരിചരിക്കാനായി ഇരുവര്‍ക്കും നില്‍ക്കേണ്ടി വന്നതോടെ വരുമാനം നിലച്ചു. ഭാര്യയുടെയും മക്കളുടെയും സ്വര്‍ണമെല്ലാം വിറ്റു വീട്ടു ചെലവ് കണ്ടെത്തിയെങ്കിലും അതും തീര്‍ന്നതോടെ വീട് പട്ടിണിയിലായി. പക്ഷേ, കുടുംബത്തിന്റെ ഈ അവസ്ഥ അയല്‍വാസികള്‍ പോലും അറിഞ്ഞിരുന്നില്ല.

കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാനൊരുങ്ങുമ്പോഴാണ് ഉമ്മയുടെ രോഗവിവരം അന്വേഷിക്കാനായി വാര്‍ഡ് അംഗം ജാസ്മിന്‍ മുനീറും പാലിയേറ്റീവ് പ്രവര്‍ത്തകരും വരുന്നത്. വീട്ടില്‍ ചോറുവച്ചിട്ടുതന്നെ ദിവസങ്ങളായെന്ന് ഇവര്‍ മനസ്സിലാക്കി. ഇതോടെ ജാസ്മിന്‍ ഇടപെട്ട് അരിയും മറ്റു സാധനങ്ങളും എത്തിച്ചു. 3 മക്കളും സ്‌കൂള്‍ പഠനത്തിന് സൗകര്യമില്ലാതെ വീട്ടിലിരിക്കുകയായിരുന്നു.

മൂവരെയും ജാസ്മിന്‍ ഇടപെട്ട് വെളിമുക്ക് വിജെ പള്ളി സ്‌കൂളില്‍ ചേര്‍ത്തു. കുടുംബത്തിന് നിത്യവരുമാനം കണ്ടെത്താനായി ഒരു തട്ടുകട ഇട്ടുകൊടുക്കാനും തീരുമാനിച്ചു. മേശ, കസേര, ഗ്യാസ്, അടുപ്പ് എന്നിങ്ങനെ നാട്ടിലെ പലരും സഹായവുമായി രംഗത്തെത്തി. അങ്ങനെ ഡിസംബര്‍ 9ന് പാലക്കലില്‍ തട്ടുകട തുടങ്ങി. വൈകുന്നേരം 4 മുതല്‍ 11 വരെ കച്ചവടം. അപ്പോള്‍ മക്കളാണ് ഉമ്മയെ നോക്കുക.

Sharing is caring!