എടവണ്ണയില്‍ കൊക്കയില്‍ വീണ് യുവാവ് മരിച്ചു

മലപ്പുറം: എടവണ്ണയില്‍ കൊക്കയില്‍ വീണ് യുവാവ് മരിച്ചു. സുഹൃത്തുക്കളുമൊത്ത് എടവണ്ണ കിഴക്കേചാത്തല്ലൂരിലെ കൊളാപ്പാട് ഏലക്കല്ല് മലയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവാണ് കാല്‍വഴുതി കൊക്കയിലേക്ക് വീണ് മരണപ്പെട്ടത്. ചട്ടിപ്പറമ്പ് ചെറുകുളമ്പ് സ്വദേശി തോട്ടോളി ലത്തീഫിന്റെ മകന് റഹ്മാന് (19) ആണ് മരിച്ചത്. നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയി (18) യെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. മലപ്പുറത്ത് നിന്നും നിലമ്പൂരില്‍ നിന്നുമുള്ള യുവാക്കള്‍ മല കാണാന്‍ എത്തിയതിനിടെയാണ് അപകടം സംഭവിച്ചത്. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മല സന്ദര്‍ശിക്കുന്നതിനിടയില്‍ കാല്‍വഴുതി വിഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അക്ഷയ് ഓടിയെത്തി യുവാക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും അക്ഷയും റഹ്മാനും 60 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. എടവണ്ണ, വണ്ടൂര്‍ പോലീസും നിലമ്പൂര്‍ ഫയര്‍ ഫോഴ്സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. എട്ടുമണിയോടെ രണ്ടു പേരെയും എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റഹ്മാന്റെ ജീവന് രക്ഷിക്കാനായില്ല.
വൈകുന്നേരം ആറുമണിയോടെ യുവാക്കള്‍ മലകയറാന്‍ പോകുമ്പോള്‍ പ്രദേശവാസികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ശക്തമായ മഴയുള്ളതിനാല്‍ കാല്‍വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞെങ്കിലും യുവാക്കള്‍ ഇത് വകവെച്ചില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റഹ്മാന്റെ മൃതദേഹം എടവണ്ണ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി